പൊലീസ് റാലിയിൽ സുംബയ്ക്ക് ചുവട് വച്ച് യതീഷ് ചന്ദ്ര, ഒപ്പം ജയസൂര്യ, ബൈക്ക് റാലിയിൽ ടൊവിനോ

By Web TeamFirst Published Oct 20, 2019, 1:49 PM IST
Highlights

തൃശ്ശൂരിനെ ആവേശത്തിലാഴ്‍ത്തി പൊലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടം. നടൻ ജയസൂര്യയാണ് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തത്. നൂറ് കണക്കിന് പേരെത്തി, തൃശ്ശൂരിലെ ഈ മാരത്തണിൽ പങ്കെടുക്കാൻ.

തൃശ്ശൂർ: പോലീസ് സ്‌മൃതി ദിനത്തിൽ തൃശ്ശൂരിൽ ജില്ലാ പോലീസും പൗരാവലിയും ചേർന്ന് സംഘടിപ്പിച്ച കൂട്ടയോട്ടത്തിന് മികച്ച പ്രതികരണം. നടൻ ജയസൂര്യ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. നടൻ ടൊവിനോ തോമസ് നയിച്ച ബുള്ളറ്റ് റാലിയിൽ നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

ആരോഗ്യവും നൃത്തവും ഒന്നു ചേരുന്ന സുംബയ്ക്ക് നടൻ ജയസൂര്യ ചുവടുവയ്ക്കുന്നതിനൊപ്പം താളത്തിൽ ചുവട് വച്ച് സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുമെത്തിയത് കൗതുകക്കാഴ്ചയായി. പിന്നീട് ബൈക്ക് റാലിയിൽ നടൻ ടൊവിനോ തോമസുമെത്തിയതോടെ തൃശ്ശൂർ റൗണ്ടിൽ തുലാമാസത്തിൽ വീണ്ടുമൊരു ആവേശപ്പൂരം.

1959-ൽ ലഡാക്ക് അതിർത്തിയിൽ വച്ച് ജീവൻ വെടിഞ്ഞ 10 പൊലീസുകാരുടെ ഓർമ്മയ്ക്കാണ് പൊലീസ് സ്മൃതി ദിനം ആചരിക്കുന്നത്. ഓൺലൈൻ റജിസ്ട്രേഷനിലൂടെ നൂറ് കണക്കിന് പേരാണ് 5 കിലോമീറ്റർ നീണ്ട കൂട്ടയോട്ടത്തിൽ പങ്കെടുത്തത്.

''ആര് ജയിക്കുന്നു, ആര് തോൽക്കുന്നു എന്നതല്ല, പങ്കെടുക്കുന്നു എന്നതാണീ പരിപാടിയുടെ സന്തോഷം, മാധുര്യം'', എന്ന് ജയസൂര്യ. ''നിങ്ങൾ സമാധാനത്തോടെ ഉറങ്ങുമ്പോൾ കാവലായി ഒരു പൊലീസ് സേനയുണ്ടെന്ന് ഓർമിപ്പിക്കുന്ന ദിവസമാണിതെ''ന്ന് യതീഷ് ചന്ദ്ര. 

പിന്നീട് നടന്ന ബുള്ളറ്റ് റാലിയിൽ യൂണിഫോലുള്ള നൂറിലധികം പൊലീസുകാർ പങ്കെടുത്തു. നടൻ ടൊവിനോയും ഇവർക്കൊപ്പം കൂടി. മണ്ണുത്തി, പാലിയേക്കര തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച റാലി പിന്നീട് തേക്കിൻകാട് മൈതാനിയിൽ സമാപിച്ചു. 

click me!