
പാലക്കാട്: ഏഴ് ഏക്കർ വരുന്ന തോട്ടം നിറയെ ഫല വൃക്ഷങ്ങളാണ്. വിവിധ രാജ്യങ്ങളിൽ നിന്നും ശേഖരിച്ച അപൂർവമായ പഴവർഗങ്ങൾ കൊണ്ട് സമ്പന്നം. പാലക്കാട് ചിറ്റൂർ സ്വദേശികളായ ഷനൂജും പ്രഗതീഷുമാണ് അപൂർവമായ വിദേശ ഫലങ്ങളുടെ കൃഷിക്ക് പിന്നിൽ. തുറന്ന ഗേറ്റുകളുള്ള ഈ തോട്ടത്തിലേക്ക് ആർക്കും കടന്ന് വരാം. പഴങ്ങൾ വിപണിയിൽ വിൽക്കുന്ന പതിവ് ഇവിടില്ല. വൃക്ഷ തൈകളുടെ വിൽപ്പനയാണ് പ്രധാന വരുമാന മാർഗം. തോട്ടം കാണുവാനും കൃഷിരീതികൾ പഠിക്കാനുമായി എത്തുന്നത് വിദേശികളടക്കം നിരവധിപേരാണ്.
ചെറുപ്പം മുതലേ കൃഷിയിൽ വലിയ താല്‍പ്പര്യമായിരുന്നു പ്രഗതീഷിന്. കൃഷിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഈ 19 വയസ്സുകാരന് ശാസ്ത്രീയ രീതികളെല്ലാം മനപ്പാഠമാണ്. ഇപ്പോൾ കോയമ്പത്തൂരിൽ ബയോടെക്നോളജി വിദ്യാർത്ഥിയായ പ്രഗതീഷ് പഠനത്തിനിടയിലും തോട്ടത്തിൽ സജീവമാണ്. പാലക്കാടിന്‍റെ കാലാവസ്ഥക്ക് അനുയോജ്യമായ വിവിധ മാവ് ഇനങ്ങളാണ് തോട്ടത്തിന്‍റെ മറ്റൊരു പ്രത്യേകത.
ഷനൂജിന്‍റെ അച്ഛനാണ് വിദേശ ഫലങ്ങളുടെ കൃഷി തുടങ്ങി വെച്ചത്. പിന്നീട് ഷനൂജ് കൃഷി കൂടുതൽ വിപുലീകരിച്ചു. സർക്കാർ ജോലി രാജി വെച്ചാണ് ഈ യുവാവ് പൂർണ്ണമായും കൃഷിയിലേക്ക് തിരിഞ്ഞത്. വെല്ലുവിളികളുണ്ടെങ്കിലും കൃഷിയുമായി മുന്നോട്ട് തന്നെയെന്ന് ഇരുവരും ഉറപ്പിച്ച് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam