വി ഡി സതീശൻ കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നു. അതേസമയം, ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷവും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിനായി രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.
തിരുവനന്തപുരം: കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം. പല കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളും വി ഡി സതീശനെ ഉടൻ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന തരത്തിൽ പോസ്റ്റുകളും കാര്‍ഡുകളും ഷെയര്‍ ചെയ്യുന്നുണ്ട്. അതേസമയം, ദിവസങ്ങൾ നീണ്ട ചര്‍ച്ചകള്‍ക്ക് വിരാമം കുറിച്ച് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് മണിക്ക് അവസാനവട്ട ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് വിവരം. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും അനാഥമായി കിടക്കുകയാണ് കേരളം. മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ വന്നതോടെ സംസ്ഥാനം അക്ഷരാർത്ഥത്തിൽ സ്തംഭനത്തിലായി. കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ഭരണം തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും എപ്പോൾ എന്നതിൽ കൃത്യമായ വിവരം ആർക്കുമില്ല. പലയിടത്തും ജനങ്ങൾ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികൾ അടക്കം സഹികെട്ടു.
ഇന്ന് വൈകീട്ട് മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയ ശേഷം രാഹുൽ അവസാന തീരുമാനം എടുക്കുമെന്നാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ചർച്ചകൾ പൂർത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു എന്നുമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. അതേസമയം, വി ഡി സതീശൻ തന്നെ മുഖ്യമന്ത്രി ആകുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ എന്ത് ചെയ്യണം എന്നതിൽ തീരുമാനമായില്ല. ഒടുക്കം കോൺഗ്രസ് തീരുമാനം അംഗീകരിക്കേണ്ടി വരുമെന്നാണ് നേതാക്കൾ വിലയിരുത്തൽ. പ്രഖ്യാപനം വൈകുന്നതിനെതിരെ ആര്‍എസ്പിയും രംഗത്തെത്തി. നാളെയും ഒന്നിച്ച് പോകേണ്ടത് കൊണ്ട്, നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ലെന്നാണ് ഷിബു ബേബി ജോൺ പ്രതികരിച്ചത്.


