
ഹരിപ്പാട്: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ചു കൊലപ്പെടുത്തി . ചെങ്ങന്നൂർ ഇലഞ്ഞിമേൽ കോലത്ത് വീട്ടിൽ സതീശന്റെ മകൻ സജീവാണ് ( ഉണ്ണി - 32) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് വച്ചായിരുന്നു സംഭവം.
നങ്ങ്യാർകുളങ്ങര തുണ്ടിൽ വീട്ടിൽ പ്രവീൺ (27), അരുൺ ഭവനത്തിൽ അരുൺ (33) ചെങ്ങന്നൂർ ഇലഞ്ഞിമേൽ മനോജ് ഭവനത്തിൽ മനോജ് (33) എന്നിവരെ കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. മർദ്ദനത്തെ തുടർന്ന് അവശനിലയിൽ ആയ സജീവിനെ ഇവർ തന്നെയാണ് വാഹനത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപകടം പറ്റി എന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത് . സംശയം തോന്നിയ ജീവനക്കാരും അവിടെ ഉണ്ടായിരുന്നവരും ചേർന്ന് ഇവരെ തടഞ്ഞു വെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യഥാർഥ സംഭവം പുറത്തു വന്നത്. സനീഷ് എന്ന കരാറുകാരന്റെ തൊഴിലാളികളാണ് ഇവർ. സനീഷിന്റെ കുഞ്ഞിന്റെ 28 കെട്ട് ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ കാഞ്ഞൂർ എത്തിയത്. ചടങ്ങിൽ പങ്കെടുത്ത ശേഷം ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ നിന്ന് മദ്യപിക്കുന്നതിനിടയാണ് ഇവർ തമ്മിൽ തർക്കം ഉണ്ടാകുന്നത്. തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
അതേസമയം മറ്റൊരു സംഭവത്തില്‍ സുല്‍ത്താന്‍ബത്തേരിയില്‍ 22കാരനായ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പിതാവിനെ പൊലീസ് കസ്റ്റിഡിയലെടുത്തു. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ ശിവദാസ് ആണ് പിടിയിലായത്. മകന്‍ അമല്‍ദാസ് തിങ്കളാഴ്ച രാവിലെ തലക്കടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കേളക്കവല ഷെഡ് പരിസരത്തുനിന്നുമാണ് ശിവദാസനെ പിടികൂടിയതെന്നാണ് വിവരം. രാവിലെ എട്ടുമണിയോടെയാണ് അമല്‍ദാസിനെ കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
പന്തികേട് തോന്നിയ സഹോദരി വിളിച്ചറിയിച്ചതനുസരിച്ച് അയല്‍വാസികളും വാര്‍ഡ് അംഗവും എത്തി പരിശോധിക്കുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കോടാലി സമീപത്ത് നിന്ന് പുല്‍പ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം കാണാതായ പിതാവ് ശിവദാസന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതപ്പെടുത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. ബത്തേരി ഡിവൈ.എസ്.പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...