
പത്തനംതിട്ട: എട്ട് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 104 വർഷം കഠിന തടവും നാല് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. പത്തനംതിട്ട അടൂർ ഫസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് (32) കോടതി ശിക്ഷിച്ചത്. എട്ട് വയസ്സുകാരിയുടെ സഹോദരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം ഇയാള്‍ക്ക് 100 വർഷം കഠിന തടവ് ഇതേ കോടതി വിധിച്ചിരുന്നു.
വിനോദ് നേരത്തെ താമസിച്ചിരുന്ന ഏനാദിമംഗലത്തെ വീട്ടിൽ 2021 ലാണ് സംഭവം നടന്നത്. പീഡനത്തിനിരയായ മൂത്ത കുട്ടിയാണ് അമ്മയോട് വിവരം പറഞ്ഞത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് അമ്മ ഗാന്ധിജിയെ കുറിച്ചുള്ള പാഠ ഭാഗം പറഞ്ഞു കൊടുക്കുമ്പോഴായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. കളളം പറയരുതെന്നാണ് ഗാന്ധിജിയുടെ സന്ദേശമെന്ന് അമ്മ പറഞ്ഞപ്പോഴാണ് എട്ടു വയസ്സുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി തുറന്നുപറഞ്ഞത്. പ്രതി അശ്ലീല ദൃശ്യം കാണിച്ച് സഹോദരിമാരെ പീഡിപ്പിക്കുകയായിരുന്നു.
മൂത്ത കുട്ടിയെ പീഡിപ്പിച്ച കേസാണ് അടൂർ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്തത്. ഇളയ കുട്ടിയെയും പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമായപ്പോൾ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.അഞ്ച് വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രണ്ട് കേസുകളിലുമായി 204 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു. കോടതി വിധിച്ച പിഴത്തുക കുട്ടികള്‍ക്ക് നൽകണം. വീഴ്ച വരുത്തിയാല്‍ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം.
വിനോദിന്റെ അടുത്ത ബന്ധുവായ രാജമ്മ കേസിൽ രണ്ടാം പ്രതിയായിരുന്നു. എന്നാൽ ഇവരെ കോടതി താക്കീത് നൽകി വിട്ടയച്ചു. നേരത്തെ അടൂർ സി ഐയായിരുന്ന ടി ഡി പ്രജീഷാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam