
കോഴിക്കോട്: പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് കുന്ദമംഗലം വേലുപിലാങ്ങില്‍ ധ്രുവിത്ത് (20) ആണ് മരിച്ചത്. വീട്ടില്‍ നിന്നും നൂറ് മീറ്റര്‍ മാത്രം അകലെയുള്ള പൂനൂര്‍ പുഴയിലെ പുതൂര്‍മണ്ണില്‍ കടവില്‍ പുലർച്ചെയാണ് ദാരുണ സംഭവം നടന്നത്.
ആര്‍മിയില്‍ ജോലി നേടണമെന്ന ആഗ്രഹം കാരണം ധ്രുവിത്ത് പതിവായി പരിശീലനം നടത്താറുണ്ടായിരുന്നു. കായിക പരിശീലനത്തിന് ശേഷം പതിവുപോലെ രാവിലെ കുളിക്കാറുള്ള പുതൂര്‍മണ്ണില്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ധ്രുവിത്തിനെ കാണാതായതോടെ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. അച്ഛൻ: ബിജു. അമ്മ: നളിനി. സഹോദരന്‍: ഋത്വിക്.
കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം ചെട്ടിപ്പടിയിൽ അബ്ദുറഹ്‌മാന്റെ മകന്‍ ജലീല്‍ (29) ആണ് മരിച്ചത്. ചാപ്പപ്പടി ഹാര്‍ബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രോമ കെയർ വിഭാഗത്തിൽ നിന്നുള്ളവരും മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്‌ധരും നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് ജലീലിൻ്റെ മൃതദേഹം കണ്ടെത്തിയത്.
ഹസ്‌നിയയാണ് ജലീലിൻ്റെ ഭാര്യ. ലഹ്ന ഏക മകളാണ്. കുഞ്ഞീവിയാണ് ജലീലിൻ്റെ മാതാവ്. മുസ്‌തഫ, കാസിം, അസ്‌മാബി, ഹസീന, ആസിഫ, അഫ്‌സിബ എന്നിവർ സഹോദരങ്ങളാണ്. വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.