വെള്ളായണിക്കായല്‍ കരയില്‍ വായനയും കാഴ്ച്ചയുമൊരുക്കി യുവാക്കള്‍

By Nikhil PradeepFirst Published Sep 25, 2018, 6:52 PM IST
Highlights

വെള്ളായണിക്കായലിന്‍റെ വവ്വാമൂല ഹരിതവീഥിയിൽ എത്തുന്ന സന്ദർശകർക്ക് കായൽക്കാറ്റിന്‍റെ കുളിർമയിൽ കലയുടെ സൗന്ദര്യവും വായനയുടെ സുഖവും നുകരാം. സന്ദർശകർക്ക് ഹരിതവീഥിയോട് ചേർന്ന് തയ്യാറാക്കിയ വായനശാലയിൽ നിന്നും പുസ്തകങ്ങൾ സൗജന്യമായി വായിക്കാം. 
 

തിരുവനന്തപുരം: വെള്ളായണിക്കായലിന്‍റെ വവ്വാമൂല ഹരിതവീഥിയിൽ എത്തുന്ന സന്ദർശകർക്ക് കായൽക്കാറ്റിന്‍റെ കുളിർമയിൽ കലയുടെ സൗന്ദര്യവും വായനയുടെ സുഖവും നുകരാം. സന്ദർശകർക്ക് ഹരിതവീഥിയോട് ചേർന്ന് തയ്യാറാക്കിയ വായനശാലയിൽ നിന്നും പുസ്തകങ്ങൾ സൗജന്യമായി വായിക്കാം. 

പത്രം നൽകിയ ആശയം

എന്നാല്‍ ഇത് പഞ്ചായത്തോ മറ്റ് അധികാരികളോ മുന്‍കൈയെടുത്ത് തുടങ്ങിയ പദ്ധതിയല്ല. മുട്ടയ്ക്കാട് വിദ്യാ ഭവനിൽ വിവേക്  നായരാണ് തന്‍റെ സ്വകാര്യ ശേഖരമായിരുന്ന പുസ്തകങ്ങൾ കായൽ സന്ദർശകർക്ക് വായനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ക്യാമറ അസിസ്റ്റന്‍റാണ് വിവേക്. വൈകുന്നേരങ്ങളില്‍ കായലിനരികില്‍ എത്താറുള്ള വിവേക് കായലിനരികേ പത്രവായനക്കായി നിരവധിപേരെത്തുന്നത് ശ്രദ്ധിച്ചു. തുടര്‍ന്നാണ് വിവേകിന് എന്തുകൊണ്ട് പത്രത്തോടൊപ്പം പുസ്തകങ്ങളും കായല്‍ക്കരയിലെത്തിച്ചു കൂടേയെന്ന് ചിന്തിച്ചത്. 

തന്‍റെ ആശയം വാർഡ് അംഗമായ വെങ്ങാനൂർ ശ്രീകുമാറിനോട് പറയുകയും അനുവാദം വാങ്ങുകയും ചെയ്തു. ജോലി സമയം കഴിഞ്ഞാൽ കായൽ തീരത്ത് പുസ്തകങ്ങളുമായി വിവേക് എത്തും. കഥകളും നോവലും ജീവചരിത്രവും എല്ലാം ഉൾപ്പെടുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങൾക്ക് വായനക്കാർ ഏറെ ഉണ്ടെന്നറിഞ്ഞതോടെ മിച്ചം പിടിക്കുന്ന തുകയിൽ നിന്നും പുതിയ പുസ്തകങ്ങളും വാങ്ങി വായനക്കാര്‍ക്കായെത്തിക്കുന്നു. താത്കാലികമായി തയ്യാറാക്കിയ റാക്കിൽ പുസ്തകം നിർത്തിവച്ചിരിക്കുകയാണ് ആവശ്യക്കാർക്ക്  ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് വായിക്കാം. വിവരമറിഞ്ഞ തിരുവനന്തപുരം സ്വദേശി ജേക്കബ് കുറച്ച് പുസ്തകങ്ങൾ സംഭാവനയായി നൽകിയെന്ന് വിവേക് പറഞ്ഞു. 

പാഴ്  വസ്തുക്കളിൽ വിരിയുന്ന കലാസൃഷ്ടികൾ

കായൽ തീരത്ത് രാത്രികാലങ്ങളിൽ മദ്യപർ ഉപേഷിക്കുന്ന കുപ്പികൾ ഹരിതവീഥിയുടെ സൗന്ദര്യം നശിപ്പിക്കുന്നുവെന്ന്  മനസിലാക്കിയ യുവാവ് ഇവ നീക്കം ചെയ്യാൻ തുടങ്ങിയതോടെ സമീപവാസികളായ അംജിത്, ജോയൽ ജോബ് , ജോബിൻ എന്നീ സുഹൃത്തുക്കൾ സഹായത്തിനെത്തി. തുടർന്ന് കലാകാരനായ ജോബിൻ ഉപയോഗശൂന്യമായ മദ്യകുപ്പികളിൽ പെയിന്‍റ്  ഉപയോഗിച്ചും കയർ ഉപയോഗിച്ചും അലങ്കരിച്ചു. തുടര്‍ന്ന് ഇതിൽ അലങ്കാര മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച ശേഷം കായൽ തീരത്തെ മരത്തിൽ കെട്ടിത്തൂക്കി. ഇപ്പോൾ ഇവ കാണാനും ചിത്രം പകർത്താനും സന്ദർശകർ ഏറെയാണ്. ഒപ്പം ചിത്രകലയിൽ ബിരുദം നേടിയ ശിവൻകുട്ടിയെന്ന കലാകാരനുമുണ്ട്. ഇവിടെ എത്തുന്നവരുടെ ക്യാരിക്കേച്ചർ വരച്ച് നൽകുകയാണിയാൾ.

പരിമിതികൾ ഏറെ

ഈ കുഞ്ഞുകലാകാരന്മാരുടെ സൃഷ്ടികളും പുസ്തകങ്ങളും സൂക്ഷിക്കാനിടമില്ലാത്തതാണ് ഇവരെ വിഷമിപ്പിക്കുന്നത്. ഇപ്പോൾ ഇവ സമീപത്തെ പമ്പ് ഹൗസിലാണ് സൂക്ഷിക്കുന്നത്. കായലിനോട് ചേർന്ന് തന്നെ വള്ളത്തിൽ ഒരു പുസ്തകശാല ഒരുക്കാനുള്ള തയാറെടുപ്പിലാണ് യുവാക്കൾ. ഒരു പഴയ വള്ളം 5000 രൂപ വിലപറഞ്ഞിരിക്കുകയാണ് എന്നാൽ ഇവ വാങ്ങുന്നതിനോ മറ്റ് സജീകരണങ്ങൾ ഒരുക്കുന്നതിനോ ഇവരുടെ കയ്യിൽ കാശില്ല. അതെ സമയം യുവാക്കളുടെ ഇത്തരം പ്രവർത്തികളെ പ്രോത്സാഹിപ്പിക്കുമെന്നും ഇവരുടെ സൃഷ്ടികൾ സൂക്ഷിക്കാൻ സമീപത്തെ നീർത്തട പദ്ധതിക്കായി നിർമിച്ച കെട്ടിടം ഉപാധികളോടെ നൽകുമെന്നും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ആർ. എസ് . ശ്രീകുമാർ പറഞ്ഞു.

click me!