നീലകുറിഞ്ഞി കാണാനെത്തുന്നവരെ വട്ടംകറക്കി വകുപ്പുകള്‍; ജില്ലാ ഭരണകൂടത്തിനും പിഴച്ചു

By Web TeamFirst Published Sep 25, 2018, 1:34 PM IST
Highlights

ഡി.റ്റി.പി.സിയുടെ വാഹനത്തിലാണ് സന്ദര്‍ശകരെ എത്തിച്ചത്. നീലക്കുറുഞ്ഞി മുന്നോരുക്കത്തിന്റെ ഭാഗമായി കളക്ടറുടെ നേത്യത്വത്തില്‍ വകുപ്പുകളെ അണിനിരത്തി നിരവധി യോഗങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ലെന്ന് മാത്രമല്ല പദ്ധതികളെല്ലാം പാളുകയും ചെയ്തു

ഇടുക്കി: നീലകുറുഞ്ഞി ആസ്വദിക്കുവാന്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടം നടത്തിയ മുന്നൊരുക്കള്‍ അപ്പാടെ പാളിയത് സന്ദര്‍ശകരെ വട്ടംകറക്കി. ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം മൂന്നാറിലും കരിമുട്ടിയിലും ടിക്കറ്റ് കൗണ്ടറുകള്‍ സ്ഥാപിക്കുന്നതിന് വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. രാജമലയ്ക്ക് സമീപത്തെ അഞ്ചാംമൈലിലുണ്ടാവുന്ന ട്രാഫിക്ക് കുരുക്ക് ഒഴിവാക്കുന്നതിനാണ് പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 

എന്നാല്‍ ടിക്കറ്റ് കൗണ്ടറുകള്‍ തുടങ്ങുന്നതിന് കെട്ടിടങ്ങള്‍ വിട്ടുനല്‍കിയിരുന്നില്ല. സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പഴയ മൂന്നാര്‍ ഹൈ ആല്‍ട്ടിട്ട്യൂഡ് ട്രൈനിംങ്ങ് സെറ്ററിലാണ് ടിക്കറ്റ് കൗണ്ടറുകള്‍ തുടങ്ങാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയതെങ്കിലും കെ.എസ്.ഇ.ബിയുടെ ഹൈഡല്‍ പാര്‍ക്കിലേക്ക്  മാറ്റുകയായിരുന്നു. ഇതോടെ രാജമലയിലേക്ക് ടിക്കറ്റുകള്‍ എടുക്കുന്നതിനെത്തിയ സന്ദര്‍ശകര്‍ വലഞ്ഞു. നീലക്കുറുഞ്ഞി കാണുവാനെത്തുന്ന സന്ദര്‍ശകര്‍ക്ക് പാര്‍ക്കിലേക്ക് പോകുന്നതിന് മൂന്നാറില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍ലവ്വീസുകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. 

ഡി.റ്റി.പി.സിയുടെ വാഹനത്തിലാണ് സന്ദര്‍ശകരെ എത്തിച്ചത്. നീലക്കുറുഞ്ഞി മുന്നൊരുക്കത്തിന്റെ ഭാഗമായി കളക്ടറുടെ നേത്യത്വത്തില്‍ വകുപ്പുകളെ അണിനിരത്തി നിരവധി യോഗങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ലെന്ന് മാത്രമല്ല പദ്ധതികളെല്ലാം പാളുകയും ചെയ്തു. നാട്പാക്ക് ശുചിത്വമിഷന്‍ എന്നിവരുടെ നേത്യത്വത്തില്‍ അമ്പതുലക്ഷം ചിലവഴിച്ചാണ് കുറുഞ്ഞിക്കാലത്തെ മുന്നൊരുക്കങ്ങള്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ പ്രതീക്ഷിക്കാതെയെത്തിയ പ്രളയം എല്ലാം തകര്‍ത്തെറിഞ്ഞു. 

മഴമാറിയതോടെ രാജമലയില്‍ നീലവസന്തം എത്തിയെങ്കിലും പദ്ധതികള്‍ ഏറ്റെടുത്ത വകുപ്പുകള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കൂട്ടാക്കിയില്ല. ഇതിനിടയില്‍ രാജമലയിലേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക് ആരംഭിക്കുകയും ചെയ്തു. തിടുക്കത്തില്‍ ജില്ലാ കളക്ടറുടെ നേത്യത്വത്തില്‍ യോഗങ്ങള്‍ നടത്തിയെങ്കിലും പ്രദേശിക രാഷ്ട്രീയ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനെയടക്കം ഒഴിവാക്കി യോഗം കൂടിയതോടെ ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കാതെയായി. 

ടൗണിലെ ഓട്ടോയടക്കമുള്ള വാഹനങ്ങള്‍ മാറ്റുന്നതിന് കളക്ടറുടെ പ്രവര്‍ത്തനം തടസ്സമായി. പ്രളയത്തിനുശേഷം മൂന്നാറിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്നതിന് വിവിധ സംഘടനകള്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും പടലപ്പിണക്കം തടസ്സമാകുകയാണ്. പൂജായവധി എത്തുന്നതോടെ തമിഴ്‌നാട്ടില്‍ നിന്നും സന്ദര്‍ശകരുടെ കുത്തൊഴുക്കുണ്ടാകുമെന്നാണ് വനപാലകരും പറയുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം

click me!