
മലപ്പുറം: എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ യുവതി കിടപ്പുമുറിൽ തൂങ്ങി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. അരീക്കോട് കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ ഇരുപത്തിരണ്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതിശ്രുത വരനെ അരീക്കോട് പൊലീസ് പിടികൂടിയത്.
തൃക്കളയൂർ സ്വദേശി അശ്വിൻ (26) നെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണിലാണ് തൃക്കളയൂർ സ്വദേശി മന്യ എന്ന ഇരുപത്തിരണ്ടുകാരിയെ വീട്ടിലെ കിടപ്പുമുറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട യുവതിയും അറസ്റ്റിലായ അശ്വിനും തമ്മിൽ എട്ടു വർഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബർ മാസം ഇവരുടെ വിവാഹനിശ്ചയവും ബന്ധുക്കൾ നടത്തിയിരുന്നു.
തുടർന്ന് എട്ടു മാസങ്ങൾക്ക് ശേഷമാണ് യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ കുടുംബം മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി അരീക്കോട് പരാതി നൽകിയത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് യുവതിയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്.
ഇരുവരുടെയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് യുവാവിനെതിരെ തെളിവുകൾ കണ്ടെത്തിയത്. വാട്‌സ് ആപ്പ് ചാറ്റ് പരിശോധിച്ചതിൽ ആത്മഹത്യാ പ്രേരണയുള്ള വോയിസ് നോട്ടുകള്‍ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലും ഇത് സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചു. നിലവിൽ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. തുടർ നടപടികൾ പൂർത്തിയാക്കിയ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam