
തിരുവനന്തപുരം: മദ്യലഹരിയില്‍ ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റുചെയ്തു. വിളപ്പില്‍ ഊറ്റക്കുഴി ദീപു ഭവനില്‍ ദീപു (32) ആണ് അറസ്റ്റിലായത്. ഭാര്യയുടെ സഹോദരനായ സുനിലിനെ സ്റ്റീല്‍ പൈപ്പ് ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഭാര്യവീട്ടിലെത്തിയാണ് ദീപു ഭാര്യമാതാവിനെ മര്‍ദ്ദിക്കുകയും സഹോദരനെ സ്റ്റീല്‍ പൈപ്പുകൊണ്ട് ആക്രമിക്കുകയും ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്- 'ദീപു കുടുംബം നോക്കാതെ ലഹരിക്കടിമയായി കഴിയുകയാണ്, ഇതിനിടെ മറ്റൊരു സ്ത്രീയുമായി ഇയാള്‍ അടുപ്പത്തിലായി. ഈ ബന്ധം അറിഞ്ഞതോടെ ദീപുവിന്‍റെ ഭാര്യ, മക്കളെയും കൊണ്ട് സ്വന്തം വീട്ടിലേക്കു പോയി. ഭാര്യ വീട് വിട്ടിറങ്ങിയതോടെ തിരിച്ച് വരണമെന്നാവശ്യപ്പെട്ട് ദീപു നിരന്തരം പ്രശ്നങ്ങളുണ്ടാക്കി. ഒരുമിച്ച് പോകാനായി പ്രശ്‌നപരിഹാരത്തിന് പലതവണ ശ്രമം നടത്തിയെങ്കിലും കാമുകിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ദീപു തയ്യാറായില്ല.
ഇതിനിടെയാണ് ഓഗസ്റ്റ് 21ന് ദീപു ഭാര്യ വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയത്. വീട്ടിലെത്തിയ യുവാവ് കുഞ്ഞുങ്ങളെയുമെടുത്ത് അവിടെനിന്നു പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് ദീപുവിന്‍റെ ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന് തടഞ്ഞു. പ്രകോപിതനായ യുവാവ് ഭാര്യാമാതാവിനെ മര്‍ദ്ദിക്കുകയും ഇതുകണ്ടുകൊണ്ടു വന്ന സിമിയുടെ സഹോദരന്‍ സുനിലിനെ സ്റ്റീല്‍ പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്ര സുനില്‍ ചികിത്സയിലാണ്.
Read More : ഓണ്‍ലൈന്‍ ഇടപാടില്‍ പണംപോയി, കടംവീട്ടാന്‍ മാലപൊട്ടിച്ചു; സമ്പന്ന കുടുംബത്തിലെ യുവാവ് പിടിയില്‍
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഇടപ്പഴിഞ്ഞിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം വിളപ്പില്‍ശാല സി.ഐ എന്‍. സുരേഷ്‌കുമാര്‍, എസ്.ഐ എസ്.വി ആശിഷ്, സി.പി.ഒമാരായ പ്രദീപ്, അഭിലാഷ്, പ്രജു എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ ഇന്ന് കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam