
കാസർകോട്: വാടകവീടീന്‍റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ഇരുപത്തിരണ്ടുകാരൻ പിടിയിൽ. ടെറസിലെ ചെടി കണ്ട് സംശയം തോന്നിയ നാട്ടുകാരൻ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞതും മംഗളുരുവിലെ വിദ്യാർഥി നജീബ് മഹ്ഫൂസ് അറസ്റ്റിലായതും.
സംഭവം ഇങ്ങനെ
കാസര്‍കോട് കുമ്പള കിദൂരില്‍ വാടക വീട്ടിലാണ് നജീബ് മഹ്ഫൂസ് താമസിക്കുന്നത്. 22 വയസുകാരന്‍. മംഗളൂരുവില്‍ വിദ്യാര്‍ത്ഥിയാണ് ഇയാൾ. വാടക വീട്ടിലാണെങ്കിലും ടെറസിന് മുകളില്‍ അൽപ്പം കൃഷിയൊക്കയുണ്ട് നജീബിന്. ടെറസിന് മുകളിലെ കൃഷി കണ്ട ആരോ ഒരാള്‍ക്ക് സംശയം തോന്നി. ഇത് കഞ്ചാവല്ലേ. സംശയം വർധിച്ചതോടെ അയാൾ പൊലീസിന് വിവരം നല്‍കി. കുമ്പള ഇന്‍സ്പെക്ടര്‍ പി പ്രമോദിന് വിവരം ലഭിച്ചതോടെ എസ് ഐ വി കെ അനീഷിന്‍റെ നേതൃത്വത്തില്‍ പൊലീസ് യുവാവിന്‍റെ വാടക വീട്ടിലെത്തി. ടെറസിന്‍റെ മുകളിലെ കൃഷി പരിശോധിച്ച സംഘം ഞെട്ടി. പിന്നീട് ഉറപ്പിച്ചു, കൃഷി കഞ്ചാവ് തന്നെ. 15 ലിറ്ററിന്‍റെ വെള്ളക്കുപ്പി മേല്‍ഭാഗം മുറിച്ച് മാറ്റി മണ്ണ് നിറച്ച് വളമിട്ട് നല്ല വൃത്തിയായി കഞ്ചാവ് കൃഷി ചെയ്തിരിക്കുന്നു. ഒന്നല്ല മൂന്ന് ചെടികളുണ്ട്. മൂന്ന് മാസത്തോളം പ്രായമായിരുന്നു ഇവയ്ക്ക്.
കഞ്ചാവ് കടത്തുകാർക്കൊപ്പം അറസ്റ്റിന്റെ സമയത്ത് 'കീഴടങ്ങി' നായയും; ദൃശ്യങ്ങൾ വൈറൽ
നജീബ് മഹ്ഫൂസിനെ അറസ്റ്റ് ചെയ്ത് കഞ്ചാവ് ചെടികളുമായി പൊലീസ് സംഘം മടങ്ങുമ്പോള്‍ മാത്രമാണ് അയല്‍ക്കാര്‍ കാര്യമറിയുന്നത്. സിനിമയില്‍ രമേഷ് പിഷാരടി അവതരിപ്പിച്ച നല്ലവനായ ഉണ്ണിയെപ്പോലെയായല്ലോ ഇതെന്ന് മൂക്കത്ത് വിരല്‍ വച്ചു അയല്‍ക്കാര്‍. മംഗളൂരിവില്‍ സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിയാണ് ഈ 22 വയസുകാരന്‍. കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണത്രെ ഇയാള്‍ കഞ്ചാവ് കൃഷി ചെയ്തത്. കഞ്ചാവ് കാശ് കൊടുത്ത് വാങ്ങണ്ടല്ലോ. സ്വയം പര്യാപ്തമാകാനൊരു ശ്രമമെന്നാണ് ഇയാളുടെ പക്ഷം.
കൃഷി വിജയിച്ചാല്‍ വിപുലപ്പെടുത്താനും കഞ്ചാവ് വില്‍ക്കാനും തീരുമാനമുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. പക്ഷേ വിളവെടുപ്പിന് പ്രായമാകും മുമ്പേ പിടിക്കപ്പെട്ടതോടെ ശ്രമം പാളി. പത്ത് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് നജീബ് മഹ്ഫൂസ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam