
മലപ്പുറം: യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ നാലാം നാള്‍ പൊലീസ് പിടികൂടി. പൂങ്ങോട് വെള്ളയൂരില്‍ വെച്ച് യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ചരലില്‍ അസറുദ്ദീന്‍ (28) എന്നയാളെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ച് നിമ്പൂര്‍ ഡാന്‍സാഫ് ടീമും കാളികാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയായ യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കഴിഞ്ഞ 20നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഉച്ച സമയമായതിനാല്‍ റോഡില്‍ അധികം ആളുകളുണ്ടായിരുന്നില്ല.
സമ്പന്ന കുടുംബത്തിലെ അംഗമാണ് യുവാവ്. ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പില്‍ ഇരയായി പണം നഷ്ടപ്പെട്ടതില്‍ വന്ന താല്‍ക്കാലിക സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാണ് മാലപൊട്ടിക്കാനിറങ്ങിയതെന്നാണ് യുവാവ് പൊലീസിനോട് പറയുന്നത്. എന്നാല്‍, ഇത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. പ്രതി ഇത്തരത്തില്‍ വേറെയും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ബൈക്കിലെത്തിയ പ്രതിയെ സി. സി. ടി. വി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പിടികൂടിയത്. വണ്ടൂരില്‍ നിന്ന് വന്ന് പൂങ്ങോട് ചിറ്റയില്‍ ബസ് ഇറങ്ങിയ ശേഷം വീട്ടിലേക്ക് കുട്ടികളുടെ കൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയോട് വഴിചോദിച്ച് സംസാരത്തിനിടയില്‍ ബൈക്കില്‍ തന്നെയിരുന്ന് മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാല പൊട്ടി ഒരു കഷ്ണം നിലത്തു വീണു. കൈയില്‍ കിട്ടിയ മുക്കാല്‍ പവനോളം തൂക്കം വരുന്ന കഷ്ണവുമായി യുവതിയെ തള്ളിയിട്ട ശേഷം പ്രതി ബൈക്കോടിച്ച് പോയി. വീഴ്ചയില്‍ ഇവര്‍ക്ക് പരിക്കേറ്റു.
സംഭവസ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സി. സി. ടി. വി കാമറയില്‍ നിന്നു ലഭിച്ച മങ്ങിയ ദൃശ്യം മാത്രമായിരുന്നു പൊലീസിന്റെ ഏക കച്ചിത്തുരുമ്ബ്. രണ്ട് ദിവസത്തെ അന്വേഷണത്തില്‍ പൊലീസിന് വാഹനത്തിന്റെ നമ്ബര്‍ ലഭിച്ചെങ്കിലും മൂന്ന് മാസം മുമ്പ് ആത്മഹത്യ ചെയ്ത തൃശ്ശൂര്‍ സ്വദേശിയുടെ പേരിലുള്ള ബൈക്കിന്റെ നമ്പര്‍ ഒ. എല്‍. എക്‌സില്‍ കണ്ട് ആ നമ്പ്ബര്‍ വ്യാജമായി ഉപയോഗിച്ച പ്രതി പൊലീസിനെ കുഴക്കി.
തുടര്‍ന്ന് മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ സി. സി. ടി. വി കാമറകള്‍ കേന്ദ്രീകരിച്ചും മുന്‍കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് അന്വേഷണ സംഘമെത്തിയത്. സംഭവം നടന്ന സ്ഥലത്തും മാല വില്‍പ്പന നടത്തിയ പാലക്കാട് ജില്ലയിലെ വല്ലപ്പുഴയിലും കാളികാവ് പൊലീസ് തെളിവെടുപ്പ് നടത്തി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കാളികാവ് എസ്. ഐ ടി. പി. മുസ്തഫയുടെ നേതൃത്വത്തിലുള്ള കാളികാവ് പൊലീസും നിലമ്പൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് അന്വേഷണം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയത്.
Read More : വീട്ടിൽ അതിക്രമിച്ചുകയറി 16 കാരിയെ ബലാത്സംഗം ചെയ്ത കേസ്; ഹിറ്റാച്ചി ഓപ്പറേറ്റർക്ക് 12 വർഷം തടവ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam