
അടിമാലി: ഇടുക്കിയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, 35 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി ആനവിരട്ടി പ്ലാമൂട്ടിൽ ബേസിൽ (32) നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് നടപടി.
എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അടിമാലി സ്വദേശിയായ ബേസിൽ. അവിടെ വെച്ച് പരാതിക്കാരിയുമായി യുവാവ് പ്രണയത്തിലായി. ഏതാനും നാൾ ഇരുവരും ഒന്നിച്ചായിരുന്നു താമസം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഒന്നിച്ച് താമസിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതിനിടെ ഇയാൾക്ക് യു.കെ.യിൽ ജോലി തരപ്പെട്ടു. ഈ ജോലിയുടെ ചെലവിനായി 35 ലക്ഷം രൂപ യുവതിയോടും ഇവരുടെ വീട്ടുകാരോടും ബേസിൽ വാങ്ങി. വിദേശത്ത് എത്തിയതോടെ യുവാവ് യുവതിയേയും അവരുടെ കുടുംബത്തേയും ഒഴിവാക്കാൻ ശ്രമം തുടങ്ങി.
യുവതി ഫോൺ വിളിച്ചാൽ ബേസിൽ എടുക്കാതായി. ഇതിനിടെ യുവാവ് വേറെ വിവാഹത്തിന് ശ്രമം തുടങ്ങി. മുവാറ്റുപുഴ സ്വദേശിനിയുമായി വിവാഹം ഉറപ്പിച്ചു. ഇതിനായി ബേസിൽ അടുത്തിടെ രഹസ്യമായി കേരളത്തിൽ എത്തി. കഴിഞ്ഞ ആഴ്ച്ച മുവാറ്റുപുഴയിൽ വെച്ച് ബേസിലിന്‍റെ മനസമ്മതവും നടന്നു. അടുത്ത ആഴ്ച്ച അടിമാലിയിൽ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.
ഇതിനിടെ ബേസിലിന്‍റെ വിവാഹ വിവരം യുവതി അറിയുകയും വ്യാഴാഴ്ച്ച രാത്രി അടിമാലിയിൽ എത്തി പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് വെള്ളിയാഴ്ച്ച രാവിലെ ബേസിലിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More :
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam