പെട്രോൾ പമ്പിലെ ജീവനക്കാരിയെ കബളിപ്പിച്ച് 1.4 ലക്ഷം അപഹരിച്ചു; യുവാവ് അറസ്റ്റിൽ

By Web TeamFirst Published Jan 20, 2020, 8:06 PM IST
Highlights

ജീവനക്കാരി തിരികെയെത്തിയപ്പോൾ അടുത്ത പമ്പിൽ കയറി വരാം എന്നു പറഞ്ഞ് ബിനു പുറത്തേക്കിറങ്ങി. സംശയം തോന്നിയ ജീവനക്കാരി മേശ വലിപ്പ് പരിശോധിച്ചപ്പോൾ 1,40,000 രൂപ നഷ്ടപ്പെട്ടെന്നു മനസ്സിലായി.

മാവേലിക്കര: പെട്രോൾ പമ്പിൽ നിന്നും 1.4 ലക്ഷം അപഹരിച്ച യുവാവ് അറസ്റ്റിൽ. പന്തളം തെക്കേക്കര മന്നംനഗർ ഗീതം വീട്ടിൽ ബിനു (അച്ചു-29) ആണ് അറസ്റ്റിലായത്. മിച്ചൽ ജംങ്ഷന് പടിഞ്ഞാറ് ഭാഗത്തെ കടവിൽ പെട്രോൾ പമ്പിൽ ഇന്ന് രാവിലെയാണ് സംഭവം. ഐഒസി ഉദ്യോഗസ്ഥനാണെന്നു സ്വയം പരിചയപ്പെടുത്തിയ ബിനു, പമ്പിന്റെ ഓഫീസ് ജീവനക്കാരിയോട് രേഖകൾ ആവശ്യപ്പെട്ടു. ജീവനക്കാരി രേഖകൾ എടുക്കാൻ അടുത്ത മുറിയിലേക്ക് പോയ തക്കം നോക്കി മേശ വലിപ്പിലുണ്ടായിരുന്ന പണം ബിനു അപഹരിക്കുകയായിരുന്നു. 

ജീവനക്കാരി തിരികെയെത്തിയപ്പോൾ അടുത്ത പമ്പിൽ കയറി വരാം എന്നു പറഞ്ഞ് ബിനു പുറത്തേക്കിറങ്ങി. സംശയം തോന്നിയ ജീവനക്കാരി മേശ വലിപ്പ് പരിശോധിച്ചപ്പോൾ 1,40,000 രൂപ നഷ്ടപ്പെട്ടെന്നു മനസ്സിലായി. ഓട്ടോയിൽ കയറി രക്ഷപെടാൻ ശ്രമിച്ച ബിനുവിനെ ജീവനക്കാർ ചേർന്നു പിടികൂടുകയായിരുന്നു. പിന്നീട് പൊലീസിന് കൈമാറി. തല മൊട്ടയടിച്ചെത്തിയ ഇയാൾ ഒരു ടീഷർട്ടും അതിനു മുകളിൽ ഒരു ഷർട്ടും ധരിച്ചിരുന്നു.
 
വിരലടയാളം ലഭിക്കാതിരിക്കാൻ കൈകളിൽ ഫെവിക്വിക്ക് തേച്ചു പിടിപ്പിച്ചാണ് മോഷണത്തിനെത്തിയത്. ആലപ്പുഴയിൽ നിന്നും മത്സ്യം വാങ്ങി കോട്ടയം മേഖലയിൽ കച്ചവടം നടത്തി വരുന്ന ബിനു, ആലപ്പുഴയിൽ നിന്നും ബസിൽ വരുന്ന വഴി തട്ടാരമ്പലത്തിലിറങ്ങി. ഇവിടെ ഒരു പെട്രോൾ പമ്പിൽ കയറാൻ ശ്രമിച്ചെങ്കിലും പമ്പിലെ തിരക്കു കാരണം കയറിയില്ലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
 

click me!