
കൊണ്ടോട്ടി: നിരവധി മോഷണ കേസിലെ പ്രതിയായ യുവാവ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. താമരശ്ശേരി അടിവാരം ആലമ്പാടി വീട്ടിൽ ശിഹാബുദ്ദീനാണ്(24 എറണാകുളത്ത് നിന്നും കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. പത്ത് ദിവസം മുമ്പ് പുളിക്കൽ പെരിയമ്പലത്തെ ടർഫ് ഗ്രൗണ്ടിൽ കളിക്കുകയായിരുന്നവരുടെ വില പിടിപ്പുള്ള മൊബൈലുകളും ഗൂഗിൾ വാച്ചുകളും 20,000 രൂപയും മോഷണം പോയിരുന്നു. പൊലീസിൽ ലഭിച്ച പരാതി പ്രകാരം നടത്തിയ അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങളിൽ ചുവന്ന കാറിനെ കുറിച്ച് വിവരം ലഭിച്ചു. കാറുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ കാറിലെത്തിയ ഒരാൾ മലപ്പുറത്തെ ഒരു ലോഡ്ജിൽ കഴിഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
തുടർന്നുള്ള അന്വേഷണത്തിൽ ശിഹാബ് എറണാകുളത്ത ലുലു മാളിന് സമീപം ആഢംബര വീട്ടിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി. പൊലീസ് ഈ വീട്ടിലെത്തിയെങ്കിലും ശിഹാബുദ്ദീൻ ലുലു മാളിൽ പോയിരുന്നു. ഇയാൾ മടങ്ങിയെത്തും വരെ പൊലീസ് കാത്തു നിന്നു. ഇയാൾ വീട്ടിലെത്തിയതും പൊലീസും അവിടെ എത്തി. എന്നാല്‍ പ്രതി അകത്ത് നിന്ന് പൂട്ടി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാൻ തയാറാകാതിരുന്നതിനെ തുടർന്ന് വാതിൽ ചവിട്ടി പൊളിച്ച് പൊലീസ് അകത്തു കയറി. ഒരു യുവതിക്കൊപ്പമായിരുന്നു ശിഹാബ് ഇവിടെ താമസിച്ചിരുന്നത്.
യുവതിയെ പൊലീസ് ചോദ്യം ചെയ്തതോടെ താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ യുവതിയാണെന്ന് വ്യക്തമായി. എറണാകുളത്തെ ഇയാളുടെ താമസസ്ഥലത്തു നിന്ന് നിരവധി മൊബൈലുകളും ലാപ് ടോപ്പുകളും കണ്ടെടുത്തു. പെരിയമ്പലത്തു നിന്നു മോഷണം പോയ പണവും വസ്തുക്കളുമുൾപ്പടെ മോഷണം പോയ മുഴുവൻ വസ്തുക്കളും കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വിവിധ ജില്ലകളിലായി 21 ഓളം മോഷണ കേസുകളിലെ പിടികിട്ടാപുള്ളിയാണ് ശിഹാബുദ്ദിൻ. മോഷണ വസ്തുക്കൾ വിറ്റ് സ്ത്രീകളുമൊത്ത് ആഢംബര ജീവിതവം നയിക്കുകയാണ് ഇയാൾ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam