ഓര്‍ഡര്‍ ചെയ്തത് പന്നിയിറച്ചി, കിട്ടിയത് ബീഫ്; വെയിറ്ററെ യുവാവ് ആക്രമിച്ചു; സംഭവം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമമെന്ന് പൊലീസ്

By Web TeamFirst Published Oct 13, 2019, 5:48 PM IST
Highlights

വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നതായി പൊലീസ് വിശദമാക്കി. മൂവാറ്റുപുഴയ്ക്ക് സമീപം വാഴക്കുളത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 

കൊച്ചി: ബീഫ് കറി വില്‍പന നടത്തിയതിന് വാഴക്കുളത്ത് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ചെന്ന പ്രചാരണം തെറ്റാണെന്ന് പൊലീസ്. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നതായി പൊലീസ് വിശദമാക്കി. മൂവാറ്റുപുഴയ്ക്ക് സമീപം വാഴക്കുളത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 

ഹോട്ടല്‍ വെയിറ്ററെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സംഭവിച്ചത് എന്താണെന്ന് പൊലീസ് പറയുന്നത്...

കപ്പക്കൊപ്പം പന്നിയിറച്ചി ഓര്‍ഡര്‍ ചെയ്ത യുവാവിന് നല്‍കിയത് ബീഫായിരുന്നു.  രാജൂസ് ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനായ യുവാവിന് ബീഫ് അലര്‍ജിയുള്ള വിവരത്തെക്കുറിച്ച് ഹോട്ടലുകാര്‍ക്ക് അറിവില്ലാരുന്നു. കംപ്യൂട്ടര്‍ സ്ഥാപനത്തിന്‍റെ ഉടമയായ അരുണ്‍ ശ്രീധറാണ് പന്നിക്ക് പകരം ബീഫ് വിളമ്പിയതിന് വെയിറ്ററെ കൈകാര്യം ചെയ്തത്. 

സ്ഥിരം സന്ദര്‍ശകനായ അരുണിന് വെയിറ്ററായ സോനു ടോമിയാണ് പന്നിക്ക് പകരം ബീഫ് വിളമ്പിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അരുണ്‍ പ്രകോപിതനാവുകയായിരുന്നു. കറി വെയിറ്ററുടെ നേരെ എറിഞ്ഞതോടെ സംഭവം സംഘര്‍ഷത്തിലെത്തുകയായിരുന്നു. എന്നാല്‍ ബീഫ് വില്‍പനയുമായി സംബന്ധിച്ച് തര്‍ക്കം, സംഘര്‍ഷം എന്ന നിലക്കാണ് സംഭവം പ്രചരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

ബീഫ് വില്‍പനയുമായി ബന്ധിപ്പിച്ച് സംഘര്‍ഷത്തിന് രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് വിശദമാക്കി. സംഘര്‍ഷത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്നും ഇരുവരും തമ്മില്‍ രമ്യതയിലെത്തിയെന്നും പൊലീസ് വിശദമാക്കി. നേരത്തെ അരുണ്‍ ശ്രീധറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാഴക്കുളത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

click me!