
മലപ്പുറം: കല്യാണമണ്ഡപത്തിലേക്ക് സ്ത്രീവേഷം ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ ആൾക്കൂട്ടം പിടികൂടി പൊലീസിലേല്‍പ്പിച്ചു, പെരിന്തല്‍മണ്ണയിലാണ് സംഭവം നടന്നത്. എടത്തനാട്ടുകര ചീരട്ടക്കുളത്ത് തോരക്കാട്ടിൽ ഷഫീഖ്(29) ആണ് പിടിയിലായത്. ഇയാള്‍ തന്നെ ആള്‍കൂട്ടം മര്‍ദ്ദിച്ചെന്നാരോപിച്ച് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. യുവാവ് ആര്യമ്പാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
യുവാവിന്‍റെ പരാതിയില്‍ കണ്ടാലറിയാവുന്നവർക്കെതിരേ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പെരിന്തൽമണ്ണക്കടുത്ത് കുന്നപ്പള്ളിയിലെ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. സ്ത്രീവേഷം ധരിച്ചെത്തിയ യുവാവ് സ്ത്രീകളെ ശല്യം ചെയ്തുവെന്നാണ് ആരോപണം, യുവാവിനെ തിരിച്ചറിഞ്ഞ ആളുകൾ പിടികൂടി ചോദ്യംചെയ്യുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ പെരിന്തൽമണ്ണ പോലീസിന് യുവാവിനെ കൈമാറി. എന്നാല്‍ തന്നെ ആറ് യുവാക്കൾ ചേർന്ന് ബാഗിലുണ്ടായിരുന്ന ചുരിദാര്‍ അണിയിച്ച് ബലമായി ഓഡിറ്റോറിയത്തിലെക്ക് എത്തിച്ചതാണെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. ചെറുകര എസ്എൻഡിപി കോളേജിൽ ജോലി അന്വേഷിച്ച് പോകുന്നതിനിടെ ഓഡിറ്റോറിയത്തിന് സമീപത്ത് ഗതാഗതക്കുരുക്കുണ്ടായതിനാൽ ചായ കുടിക്കാനാണ് ബൈക്ക് നിർത്തിയത്.
വിവാഹമോചിതയായ തന്റെ ഭാര്യയുടെ വസ്ത്രം പെരിന്തൽമണ്ണയിലെ ഡ്രസ് ബാങ്കിൽ കൊടുക്കാൻ മാതാവ് ബാഗിൽ വെച്ചതായിരുന്നു. ഈ ബാഗ് നിർബന്ധിച്ച് തുറപ്പിച്ച് വേഷം അണിയിച്ച് ഓഡിറ്റോറിയത്തിന്റെ മുറ്റംവരെ കൊണ്ടുപോയി. വാഹനത്തിന്റെ താക്കോലും ലുണ്ടായിരുന്ന പണവും മൊബൈൽഫോണും വാങ്ങിവെച്ചാണ് സംഘം ഭീഷണിപ്പെടുത്തിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam