ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് മാല കവര്‍ന്നു; പത്തൊമ്പതുകാരന്‍ പിടിയില്‍

Published : Feb 25, 2019, 10:10 AM IST
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച്  മാല കവര്‍ന്നു; പത്തൊമ്പതുകാരന്‍ പിടിയില്‍

Synopsis

ഒന്നേകാല്‍ ലക്ഷം രൂപയുടെ ആഡംബര ബൈക്ക് വാങ്ങിയതിന് പിന്നാലെ യുവാവ് പ്രതിസന്ധിയിലായിരുന്നു. ഐ ടി ഐ പഠനം പാതിവഴിയില്‍ മുടങ്ങിയതോടെ ചെറുകിട ജോലികള്‍ക്ക് പോകാമെന്ന് വീട്ടിൽ പറഞ്ഞ് കറങ്ങി നടക്കുകയായിരുന്നു ഇയാള്‍.

തൃശൂര്‍: വൃദ്ധയെ തലയ്ക്കടിച്ച് ആഭരണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തലോർ സ്വദേശിയായ ബിജോയ്സ്റ്റനാണ് (19) പിടിയിലായത്. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ കുരിയച്ചിറയില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ യുവാവ് ആക്രമിച്ചത്. പള്ളിയില്‍ പോയി മടങ്ങിയെത്തിയ വയോധികയെ വീട്ടില്‍ കയറി യുവാവ് ആക്രമിക്കുകയായിരുന്നു. വയോധികയെ അടിച്ച് വീഴ്ത്തി മാല തട്ടിയെടുത്ത ശേഷം പണം ആവശ്യപ്പെട്ട് യുവാവ് ഭീഷണിയും മുഴക്കി.

സിസിടിവി ദൃശ്യങ്ങളാണ് യുവാവിനെ കുടുക്കിയത് . സംഭവ സമയത്തെ ദൃശ്യങ്ങളില്‍ ഒരു യുവാവ് ഓടി വരുന്നതും ബൈക്കില്‍ കയറുന്നതുമുണ്ട്. മൂന്ന് കിലോമീറ്ററോളം യുവാവ് ബൈക്കില്‍ സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. ബൈക്കിന്‍റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ബിജോയ്‍സ്റ്റനെ പിടികൂടി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.

ഒന്നേകാല്‍ ലക്ഷം രൂപയുടെ ആഡംബര ബൈക്ക് വാങ്ങിയതിന് പിന്നാലെ യുവാവ് പ്രതിസന്ധിയിലായിരുന്നു. ചിട്ടി പണവും വായ്പയെടുത്ത പണവും കൊണ്ടാണ് ഇയാള്‍ ബൈക്ക് വാങ്ങിയത്. ആറായിരം രൂപയാണ് പ്രതിമാസം അടയ്ക്കേണ്ട വായ്പ. അതിനിടെ ഐ ടി ഐ പഠനം പാതിവഴിയില്‍ മുടങ്ങി. ഇതോടെ ചെറുകിട ജോലികള്‍ക്ക് പോകാമെന്ന് വീട്ടിൽ പറഞ്ഞ് കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. വായ്പ മുടങ്ങിയതോടെ ബൈക്ക് ബാങ്കുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയായി. ബൈക്കില്‍ സുഹൃത്തിനൊപ്പം ചുറ്റിക്കറങ്ങാനും പണം വേണമായിരുന്നു. അപ്പോള്‍ തലയിലുദിച്ച ആശയമായിരുന്നു പിടിച്ചുപറിയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

തൃശൂര്‍ കുരിയച്ചിറയിലെ ലെസിക്കടയില്‍ ഇടയ്ക്കിടെ വരുമായിരുന്നു ബിജോയ്സ്റ്റന്‍ വയോധികയെ ശ്രദ്ധിച്ചിരുന്നു. കെട്ടിട ഉടമ കൂടിയായ വയോധിക ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തുടര്‍ന്നാണ് വയോധികയെ ആക്രമിക്കാന്‍ യുവാവ് പദ്ധതിയിട്ടത്. വാടക പണം അടക്കം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടാകുമെന്നാണ് യുവാവ് കരുതിയത്. എന്നാല്‍ തലേന്ന് വാടകയിനത്തില്‍ കിട്ടിയ തുക ഇവര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. 

 തട്ടിയെടുത്ത മാല ഒല്ലൂരിലെ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയതായി ഇയാൾ മൊഴി നൽകി. 21,000 രൂപയാണ് ലഭിച്ചത്. പഴയ ഫോണ്‍ അയ്യായിരം രൂപയ്ക്കു വിറ്റു. തുടര്‍ന്ന് മോഷ്ടിച്ച പണവുമായി പുതിയ ഫോണ്‍ വാങ്ങുകയും ബാക്കി തുക കൊണ്ട് ബൈക്ക് നന്നാക്കാനും തീരുമാനിച്ചു. ഇതിനിടെയാണ്, പൊലീസ് പിന്നാലെ എത്തുന്നതും പിടിയിലാകുന്നതും.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്