അതിഥി തൊഴിലാളികളെ മരത്തില്‍ കയറ്റി മൊബൈലും പണവും കവർന്നു മുങ്ങി; കള്ളനെ തേടി പൊലീസും നാട്ടുകാരും

By Web TeamFirst Published Mar 18, 2021, 7:54 PM IST
Highlights

ജോലി ആരംഭിച്ച് അൽപ്പ സമയത്തിന് ശേഷം  താഴെ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രത്തിൽനിന്ന് 10000 രൂപയും മൊബൈൽ ഫോണും കവർന്ന് യുവാവ് രക്ഷപ്പെട്ടു. 

ചങ്ങരംകുളം: ജോലിക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം മരത്തിൽ കയറ്റി അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണും പണവും കവർന്നു. ചങ്ങരംകുളം പ്രദേശത്ത് മരം വെട്ട് ജോലിക്കു പോകുന്ന ബിഹാർ സ്വദേശികളായ നവൽകുമാർ, സത്രുധാർ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. 

രാവിലെ ബൈക്കിൽ എത്തിയ യുവാവാണ് മരത്തിന്റെ കമ്പുകളും മറ്റും വെട്ടാൻ ഇരുവരെയും ജോലിക്കു വിളിച്ചത്. കോലിക്കരയിൽ ഒരു പറമ്പിൽ എത്തി വെട്ടാനുള്ള മരം കാണിച്ചു കൊടുത്തു. തൊഴിലാളികൾ  വസ്ത്രം മാറി മരത്തിൽ കയറി ജോലി ആരംഭിച്ചു. ജോലിക്ക് കൊണ്ട് വന്ന ആൾ താഴെ നിന്ന് ഉപദേശങ്ങളും നൽകി. ജോലി ആരംഭിച്ച് അൽപ്പ സമയത്തിന് ശേഷം  താഴെ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രത്തിൽനിന്ന് 10000 രൂപയും മൊബൈൽ ഫോണും കവർന്ന് യുവാവ് രക്ഷപ്പെട്ടു. 

താഴെ ഇറങ്ങി വന്ന് യുവാവിനെ അന്വേഷിച്ചപ്പോൾ ഇയാളെ കാണാതായതോടെയാണ്  തൊഴിലാളികൾക്ക് സംശയം തോന്നി. തുടർന്ന് വസ്ത്രം മാറാൻ ഒരുങ്ങിയപ്പോഴാണ് തങ്ങൾ കബളിക്കപ്പെട്ട വിവരം മനസിലായത്. നാട്ടുകാരെ വിവരം അറിയിച്ചതോടെ തട്ടിപ്പ് വീരന് വേണ്ടി അന്വേഷണം ആരംഭിച്ചു. ഒരു സൂചനയും ലഭിക്കാതായതോടെ നാട്ടുകാരുടെ സഹായത്തോടെ  ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പരിസരത്തെ സിസി ടിവികൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

click me!