
തിരുവനന്തപുരം: പെരിന്തല്‍മണ്ണയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. എളാട് സ്വദേശി ദൃശ്യയാണ് മരിച്ചത്. സഹോദരി ദേവക്കും കുത്തേറ്റിരുന്നനു. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.
ദൃശ്യയെ കുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരി ദേവക്ക് പരിക്കേറ്റത്. ഇത്തരം സംഭവങ്ങൾ പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്. ഇതിനു മുൻപും പ്രണയാഭ്യർത്ഥന നിരസിച്ച യുവതികൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യങ്ങളിൽ ശക്തമായ ക്യാമ്പയിനുകളുമായി യുവജന കമ്മീഷൻ മുന്നോട്ട് വന്നിട്ടുണ്ട്.
ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേസിലെ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം പൊതുസമൂഹത്തിൽ വ്യാപകമായി യുവജനങ്ങൾക്കിടയിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും യുവജന കമ്മീഷൻ നേതൃത്വം നൽകുമെന്നും യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം അറിയിച്ചു.
ദൃശ്യയും ദേവയും വീടിന്റെ രണ്ടാം നിലയിലെ മുറിക്കകത്ത് ഇരിക്കുകയായിരുന്നു. അവിടെക്ക് എത്തിയ യുവാവ് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. ദൃശ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതി വിനീഷ് വിനോദിനെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ കടയും പ്രതി കത്തിച്ചു. കട ഇന്നലെ രാത്രിയോടെയാണ് കത്തിച്ചത്. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു.
എൽഎൽബി വിദ്യാർത്ഥിയാണ് ദിവ്യ. പ്ലസ് ടു മുതൽ പ്രണയാഭ്യര്‍ത്ഥനയുമായി ദൃശ്യക്ക് പുറകെ വിനീഷ് ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ദൃശ്യയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതിന് പലതവണ നാട്ടുകാര്‍ ഇടപെട്ട് വിനീഷിന് മുന്നറിയിപ്പ് നൽകിയിരുന്നു. കൊലപാതകം നടന്ന വീട്ടിൽ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് വിനീഷിന്റെ വീട്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് ശരീരത്തിൽ രക്തപ്പാടുകളുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിൽ കയറിയ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam