
കൊല്ലം: മന്ത്രിമാരുടെ സുരക്ഷക്ക് ഡിവൈഎഫ്ഐ ക്വട്ടേഷൻ സംഘങ്ങളുടെ സഹായം തേടുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്. കൊല്ലത്ത് മന്ത്രി പി രാജീവിന്റെ പരിപാടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ചത് കൊട്ടേഷൻ സംഘാംഗങ്ങളെന്നാണ് ആരോപണം. അക്രമി മുൻപ് വടിവാളുമായി നിൽക്കുന്ന ദൃശ്യങ്ങളും യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയതിലാണ് പുതിയ ആരോപണം ഉയരുന്നത്. ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളെ കൂട്ടു പിടിച്ചാണ് ഡിവൈഎഫ്ഐക്കാർ അക്രമിച്ചതെന്നാണ് ആരോപണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുണ്ടയ്ക്കൽ സ്വദേശി ആനന്ദാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്നും യൂത്ത് കോണ്‍ഗ്രസുകാർ പറയുന്നു. ആനന്ദും സംഘവും വടിവാളുമായി നിൽക്കുന്ന വീഡിയോ യൂത്ത് കോണ്‍ഗ്രസ് പുറത്തു വിട്ടു.
കിളികൊല്ലൂര്‍ സ്റ്റേഷൻ പരിധിയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയതടക്കം നിരവധി കേസുകൾ ആനന്ദിന്റെ പേരിലുണ്ട്. കണ്ണൂരിൽ ക്വട്ടേഷൻ സംഘങ്ങള്‍ക്കെതിരെ പരിപാടികൾ നടത്തുന്ന ഡിവൈഎഫ്ഐ കൊല്ലത്ത് ഇത്തരം ആളുകളെ വളര്‍ത്തുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് പരിഹസിക്കുന്നു. വലിയ അക്രമം ഉണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിജിപി പരാതി നൽകി. പ്രവര്‍ത്തകരെ അക്രമിച്ചവരെ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam