
തൃശൂർ: താരങ്ങളോട് ആരാധന കൊണ്ട് അവരുടെ സിനിമ പരാജയപ്പെടുമ്പോൾ ആത്മഹത്യ വരെ ചെയ്യുന്നവരുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ഒരു രാഷ്ട്രീയ നേതാവിനോടുള്ള ആരാധനകൊണ്ട് അദ്ദേഹത്തിന്റെ പേര് സ്വന്തം വീടിനിട്ടിരിക്കുകയാണ് ഒരു യൂത്ത് കോൺഗ്രസ് നേതാവ് (Youth Congress Leader). കെപിസിസി പ്രസിഡന്റ് കെ.സുധാകരനോടാണ് (K Sudhakaran) യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ സെക്രട്ടറി ഇന്‍ഷാദ് വലിയകത്തിന് (Inshad Valiyakath) ഇത്രയേറെ ആരാധന.
തന്റെ വീടിന് ഇൻഷാദ് കെ എസ് ഭവനം എന്നാണ് പേരിട്ടിരിക്കുന്നത്. വീട്ടിലെ അതിഥി മുറിയിൽ സുധാകരന്റെ ഒരു കൂറ്റൻ ചിത്രവുമുണ്ട്. തൃശൂര്‍ എടത്തിരിത്തി ചൂലൂരിലാണ് കെ എസ് ഭവനം. തെരഞ്ഞെടുപ്പിൽ കെ സുധാകരൻ മത്സരിച്ചപ്പോഴാണ് ഇൻഷാദിന്റെ അദ്ദേഹത്തോടുള്ള ആരാധന നാട്ടുകാരും വീട്ടുകാരും ശരിക്കുമറിഞ്ഞത്. അന്ന് സുധാകരന്റെ മുഖചിത്രം വരച്ച ബൈക്കുമായി തൃശൂരില്‍ നിന്ന് കണ്ണൂരിലേയ്ക്ക് യാത്ര നടത്തിയിരുന്നു ഇൻഷാദ്.
അഞ്ചു സെന്റ് ഭൂമിയില്‍ ആയിരം സ്ക്വയര്‍ ഫീറ്റിലാണ് കെ എസ് ഭവനം നിർമ്മിച്ചിരിക്കുന്നത്. വീട് പണി തീർന്നതോടെ വീടിന് എന്ത് പേരിടും എന്ന കാര്യത്തിൽ ഇൻഷാദിന് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല. കെ എസ് ഭവനം സന്ദർശിക്കാമെന്ന് സുധാകരൻ ഇൻഷാദിന് ഉറപ്പ് നൽകിയിട്ടുമുണ്ട്.