
പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിൻ്റെ ദാരുണ മരണത്തിന് വഴിയൊരുക്കിയത് റോഡിലെ കുഴി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലാണ് ഇക്കാര്യം പുറത്തറിഞ്ഞത്. റോഡിലെ കുഴി കണ്ട് വഴിമാറി വന്ന ലോറിയാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചത്. ബൈക്ക് യാത്രക്കാരൻ പാലക്കാട് ജൈനിമേട് സ്വദേശി സനൂപ് (30) തൽക്ഷണം മരിച്ചു. സഹോദരൻ സഞ്ജയിനു (29) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷൊർണൂർ ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന ബൈക്കും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. കണ്ണിയംപുറം പാലം കഴിഞ്ഞുള്ള ഭാഗത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ സൃഷ്ടിച്ച രണ്ടാമത്തെ അപകട മരണമാണിത്. മൂന്നാഴ്ച മുൻപ് സമീപത്തെ മറ്റൊരു കുഴി കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ കാൽനട യാത്രക്കാരൻ ഇപ്പോഴും ചികിത്സയിലാണ്. കുഴികൾ രൂപപ്പെട്ട ഭാഗത്ത് വാഹനങ്ങൾ പെട്ടന്ന് ബ്രേക്ക് ചവിട്ടുന്നത് കാരണം പിന്നിൽ മറ്റ് വാഹനങ്ങൾ വന്നടിക്കുന്നതും പതിവാണ്. അപകടങ്ങൾ ഉണ്ടാകുമ്പോൾ മെറ്റൽ ഇട്ട് പോകുന്നതല്ലാതെ റോഡ് റീ ടാർ ചെയ്യാൻ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam