സെൽഫി‌യെടുക്കുന്നതിനിടെ കടലിൽ വീണ് ഫോട്ടോ​ഗ്രാഫർക്ക് ദാരുണാന്ത്യം; നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

By Web TeamFirst Published May 16, 2022, 11:37 AM IST
Highlights

കടൽ കാണുന്നതിനിടെ താഴത്തെ പാറക്കെട്ടുകളിലെത്തി സെൽഫിയെടുക്കുമ്പോൾ ജ്യോതിഷ് നിന്നിരുന്ന പാറക്കെട്ടിലേക്ക് ആഞ്ഞടിച്ച തിരയടിയിൽ കടലിൽ വഴുതി വീണ് കാണാതാവുകയായിരുന്നു. അതേസമയം, തിരയിൽപ്പെട്ട മറ്റുനാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

തിരുവനന്തപുരം: ആഴിമലത്തീരത്തെ പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ്  തിരയടിയേറ്റ് കടലിൽ വീണ് മരിച്ചു. പുനലൂർ ഇളമ്പൽ ആരംപുന്ന ജ്യോതിഷ് ഭവനിൽ സുകുമാരന്റെയും ഗീതയുടെയും മകനായ എസ് ജ്യോതിഷ് (24) ആണ് മരിച്ചത്.  ഇന്നലെ വൈകിട്ട് 3.45- ഓടെയായിരുന്നു അപകടം. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ്  ആഴിമലശിവ ക്ഷേത്രത്തിൽ എത്തിയ തീർത്ഥാടക സംഘത്തിലെ അഗമായിരുന്നു ജ്യോതിഷ്.

ക്ഷേത്ര ദർശനം നടത്തിയശേഷം കടൽ കാണുന്നതിനിടെ താഴത്തെ പാറക്കെട്ടുകളിലെത്തി സെൽഫിയെടുക്കുമ്പോൾ ജ്യോതിഷ് നിന്നിരുന്ന പാറക്കെട്ടിലേക്ക് ആഞ്ഞടിച്ച തിരയടിയിൽ കടലിൽ വഴുതി വീണ് കാണാതാവുകയായിരുന്നു. അതേസമയം, തിരയിൽപ്പെട്ട മറ്റുനാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. സുഹൃത്തുക്കളായ വിനീത്, അഭിലാഷ്, സുമേഷ്, ഉണ്ണി എന്നിവരോടൊപ്പമാണ് ജ്യോതിഷ് പാറയിൽ കയറിയത്. കനത്ത മഴയായതിനാൽ പ്രക്ഷ്ബുധമായിരുന്നു കടൽ. കൂറ്റൻ തിരകൾ അടിച്ചിരുന്നതിനാൽ സന്ദർശകർക്ക് കർശന നിർദേശമുണ്ടയാരുന്നു. 

സംഭവം കണ്ട സുഹ്യത്തുകളും ഒപ്പമെത്തിയ സ്ത്രീകളും നിലവിളിച്ചതോടെയാണ് ലൈഫ് ഗാർഡുൾപ്പെട്ടവർ സംഭവമറിഞ്ഞത്. ഉടൻ തന്നെ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു. എസ്.എച്ച്.ഒ എച്ച്. അനിൽകുമാർ, എസ്.ഐ ജി.എസ്. പദ്മകുമാർ എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ അജിത്, സി.പി.ഒ പ്രസൂൺ, കോസ്റ്റൽ വാർഡൻമാരായ സുനീറ്റ്, സിൽവർസ്റ്റർ, സാദിഖ് എന്നിവർ സ്ഥലത്തെത്തി.

പട്രോളിങ് ബോട്ടുപയോഗിച്ച് തീരത്തോട് ചേർന്ന് നടത്തിയ തിരച്ചിലിൽ അടിമലത്തുറ ഫാത്തിമാത പള്ളിക്ക് സമീപത്തെ കടലിൽ നിന്ന് യുവാവിനെ കണ്ടെത്തി ബോട്ടിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പുനലൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫി പഠിക്കുകയായിരുന്നു ജ്യോതിഷ്. സഹോദരി ജ്യോതി. കോസ്റ്റൽ പൊലീസ് കേസെടുത്തു.

click me!