മൃഗബലിയ്‌ക്കെതിരെ പോരാടിയ യുവാവിന് മൃഗസംരക്ഷണ വകുപ്പിന്റെ ബഹുമതി

By Web TeamFirst Published Feb 25, 2021, 9:24 PM IST
Highlights

ഇടുക്കിയില്‍ വച്ചു നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് അവാര്‍ഡ് സമ്മാനിച്ചു. ഇരവികളും നാഷണല്‍ പാര്‍ക്കിലെ വനത്തിനുള്ളിലെ ക്ഷേത്രത്തില്‍ ആചാരങ്ങളുടെ ഭാഗമായി പ്രദേശവാസികള്‍ കാലങ്ങളായി നടത്തി വന്നിരുന്ന മൃഗബലി നിര്‍ത്തുന്നതിന് മുന്‍കൈയെടുത്ത് മോഹനായിരുന്നു.

മൂന്നാര്‍: മൃഗബലിയ്‌ക്കെതിരെ പോരാടുകയും ജീവികളുടെ സംരക്ഷണത്തിനായി സജീവമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന യുവാവിന് മൃഗസംരക്ഷണ വകുപ്പിന്റെ ആദരം. മൂന്നാര്‍ ന്യൂ കോളനി ശില്‍പ്പി കോട്ടേജ് ആര്‍. മോഹനാണ് ജില്ലാ മൃഗസംരക്ഷവകുപ്പിന്റെ അവാര്‍ഡ് ലഭിച്ചത്. 2020 - 21 വര്‍ഷത്തെ ജന്തുക്ഷേമ പ്രവര്‍ത്തനങ്ങളെ പരിഗണച്ചാണ് അവാര്‍ഡ്. 

പതിനായിരം രൂപയും പ്രശംസാ പത്രവുടങ്ങുന്നതാണ് അവാര്‍ഡ്. ഇടുക്കിയില്‍ വച്ചു നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് അവാര്‍ഡ് സമ്മാനിച്ചു. ഇരവികളും നാഷണല്‍ പാര്‍ക്കിലെ വനത്തിനുള്ളിലെ ക്ഷേത്രത്തില്‍ ആചാരങ്ങളുടെ ഭാഗമായി പ്രദേശവാസികള്‍ കാലങ്ങളായി നടത്തി വന്നിരുന്ന മൃഗബലി നിര്‍ത്തുന്നതിന് മുന്‍കൈയെടുത്ത് മോഹനായിരുന്നു. ബലി നടക്കുന്ന സമയത്ത് അവിടെയെത്തിയ യുവാവ് ബലി നടക്കാന്‍ സമ്മതിക്കാതെ എതിര്‍ക്കുകയും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. 

ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് മൃഗബലി നിര്‍ത്തലാക്കുകയും ചെയ്തു. കോവിഡ് കാലത്ത് നഗരം ലോക്ക് ഡൗണിയാകുകയും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നായ്ക്കള്‍ പട്ടിണിയിലാകുകയും ചെയ്തതോടെ നായ്ക്കള്‍ക്ക് എന്നും ഭക്ഷണം എത്തിക്കുവാനും നടപടികള്‍ സ്വീകരിച്ചിരുന്നു. അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാനാണ് മോഹന്റെ തീരുമാനം.

click me!