
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 21 കാരന് 22 വർഷം കഠിനതടവും 111000 രൂപ പിഴയും ശിക്ഷ. വെമ്പായം ചിറത്തലയ്ക്കൽ കൊട്ടാരം വീട്ടിൽ ഗോവിന്ദരാജു (21) വിനെയാണ് ശിക്ഷിച്ചത്. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ ജഡ്ജ് സുധീഷ് കുമാർ ആണ് വിധിച്ചത്. കന്നുകാലികളെ അഴിക്കാൻ പോയപ്പോഴാണ് ഒളിച്ചിരുന്ന ഇയാൾ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ അമ്മയെയും കുട്ടിയേയും കന്നുകാലികളേയും കൊന്നുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.
പിന്നീട് പലവട്ടം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഓരോ തവണയും കുട്ടിയെ അടിച്ച് അവശയാക്കിയശേഷമാണ് പീഡിപ്പിച്ചത്. 2017- മുതലാണ് കേസിനാസ്പദമായ സംഭവം. മൂന്ന് വർഷക്കാലം കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. മറ്റാരും ആശ്രയമില്ലാത്ത പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. അവസരം കിട്ടിയപ്പോൾ ചൈൽഡ് ലൈനിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്.