കുത്തിയൊലിച്ച് വെള്ളമെത്തുന്ന പാലത്തിലേക്ക് ചെറുകാറുമായി യുവാക്കൾ, നാട്ടുകാരുടെ മുന്നറിയിപ്പിന് പുല്ലുവില, കിട്ടിയത് മുട്ടൻപണി

Published : Oct 18, 2025, 04:57 PM IST
rain car stunt trap

Synopsis

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വെള്ളം കയറിയ പാലത്തിലൂടെ കാറുമായി പോകാൻ ശ്രമിച്ച യുവാക്കളാണ് എൻജിനിൽ വെള്ളം കയറി വണ്ടി ഓഫായി റോഡിൽ കുടുങ്ങിയത്.

ഇടുക്കി: വെള്ളം കയറിയ പാലത്തിലൂടെ മാരുതി കാറുമായി ഷോ നടത്താൻ ശ്രമിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. പാലത്തിൽ വെള്ളം കയറിക്കിടക്കുകയാണെന്നും പോവല്ലേയെന്നും നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും മുന്നറിയിപ്പ് അവഗണിച്ചാണ് ചെറു മാരുതി കാർ പാലത്തിലേക്ക് യുവാക്കൾ ഓടിച്ച് കയറ്റിയത്. ഇടുക്കി തൂക്കുപാലത്താണ് സംഭവം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വെള്ളം കയറിയ പാലത്തിലൂടെ കാറുമായി പോകാൻ ശ്രമിച്ച യുവാക്കളാണ് എൻജിനിൽ വെള്ളം കയറി വണ്ടി ഓഫായി റോഡിൽ കുടുങ്ങിയത്. നാട്ടുകാർ തടഞ്ഞിട്ടും വകവയ്ക്കാതെ പാലത്തിലൂടെ കയറ്റുകയായിരുന്നു. പാലത്തിന് നടുവിൽ എത്തിയപ്പോൾ വാഹനം നിന്നു പോയി. പിന്നീട് നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് വാഹനം മല വെള്ളപ്പാച്ചിലിൽ ഒഴുകി പോവാതെ കയറുകെട്ടി നിർത്തിയത്.

മുന്നറിയിപ്പ് അവഗണിച്ച് കാർ ഷോ, രക്ഷകരായി നാട്ടുകാർ

മുന്നറിയിപ്പ് നൽകുന്ന നാട്ടുകാരുടേയും വാഹനം കുടുങ്ങിയപ്പോൾ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലമാണെന്നും വിശദമാക്കുന്ന നാട്ടുകാരുടേയും കാർ പാലത്തിലെ വെള്ളത്തിൽ കുടുങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തുലാവർഷത്തിന്റെ തുടക്കത്തിലേ സംസ്ഥാനത്ത് പ്രളയക്കെടുതി സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കിയുടെ മലയോര മേഖലകളിൽ മഴ ശക്തമാണ്. കുമളിയിൽ നിരവധി വീടുകളിൽ വെള്ളംകയറി. വാഹനങ്ങൾ ഒലിച്ചുപോയി. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദമാക്കിയിട്ടുള്ളത്. 

 

 

കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദനത്തിനും സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ കൂട്ടാർ, മുണ്ടിയെരുമ തുടങ്ങിയ ഭാഗത്ത്‌ കയറിയ വെള്ളം ഇപ്പോഴും പൂർണമായും ഇറങ്ങിയിട്ടില്ല. വെള്ളം കയറുന്നത് അറിഞ്ഞ് ആളുകൾ സുരക്ഷിത സ്‌ഥാനത്തേക്ക് മാറിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. മുല്ലപ്പെരിയാർ ഡാമിന്റെ 5 ഷട്ടറുകൾ കൂടി ഉയർത്തി. 13 ഷട്ടറുകൾ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്
കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്