സംരംഭകര്‍ക്ക് കുരുക്കിട്ട് സര്‍ക്കാര്‍ ഓഫീസുകള്‍, ഫാം ലൈസന്‍സിനായി കയറിയിറങ്ങി യുവാക്കള്‍

By Web TeamFirst Published Jul 11, 2020, 12:26 PM IST
Highlights

ഉദ്യോഗസ്ഥരുടെ നിസഹകരണം തുടര്‍ന്നാല്‍ തമിഴ്‌നാട്ടിലേക്ക് ഫാം മാറ്റാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
 

കൊച്ചി: സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും അവരെ ചുവപ്പ് നാടയില്‍ കുരുക്കിയിടുകയാണ് സര്‍ക്കാര്‍ ഓഫീസുകള്‍. അങ്കമാലിയിലെ ഒരുപറ്റം യുവാക്കള്‍ പശു ഫാം തുടങ്ങാനുള്ള അനുമതിക്കായി കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. അപേക്ഷ നല്‍കി ഒരു വര്‍ഷത്തിലേറെയായിട്ടും അനുമതി നല്‍കാതെ മെല്ലെപ്പോക്ക് തുടരുകയാണ് അധികൃതര്‍.

മിഥുനം സിനിമയിലെ മൊഹന്‍ലാലിന്റെ അവസ്ഥയാണ് ദീപുവിനും കൂട്ടുകാര്‍ക്കുമിപ്പോള്‍. പശു, കോഴി, താറാവ്, മുയല്‍ എന്നിവ വളര്‍ത്താനായി അഞ്ചേക്കറില്‍ ഒരു ഫാം. പച്ചക്കറി, തീറ്റപ്പുല്‍ എന്നിവയുടെ കൃഷി. മില്‍ക്കിങ് പാര്‍ലര്‍, ഫുഡ് പ്രൊസസിങ് യൂണിറ്റുമൊക്കെയായി മൊത്തം രണ്ടരക്കോടി രൂപയുടെ നിക്ഷേപം. പ്രദേശവാസികളായ 60 പേര്‍ക്ക് തൊഴില്‍. ഇങ്ങനെ സ്വപ്നങ്ങളേറെ. അങ്കമാലി തുറവൂര്‍ പഞ്ചായത്തിലെ കിടങ്ങൂരില്‍ ഫാം തുടങ്ങാനായി സ്ഥലവും കണ്ടെത്തി. എന്നാല്‍ ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലൈസന്‍സ് നല്‍കാതിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

ഫാം പരിശോധനയ്ക്കായി പഞ്ചായത്ത് മെയ് 13ന് ആരോഗ്യവകുപ്പിനെ നിയോഗിച്ചു. ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറിയുന്നത് ഇങ്ങനെ. 42 പശുക്കളും 15 കിടാരികളും മാത്രമുള്ള ഫാമില്‍ 70 പശുക്കളും 20 കിടാരികളുമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. അടുത്തുള്ള വീടുമായി 27 മീറ്റര്‍ ദൂരമുണ്ടായിട്ടും റിപ്പോര്‍ട്ടില്‍ കാണിച്ചത് വെറും 14 മീറ്റര്‍ മാത്രം.

ഇവിടെ തീര്‍ന്നില്ല, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ കത്തില്‍ ഇതിലും വിചിത്രമായ നിര്‍ദേശങ്ങളാണ് ഉള്ളത്. അയല്‍വാസികളുടെ വീടിന് അഭിമുഖമായുള്ള ഭാഗം 15 അടിയിലധികം ഉയരമുള്ള ഫാം ഷെഡിന്റെ അതേ പൊക്കത്തില്‍ ഇഷ്ടിക കൊണ്ട് കെട്ടി മറയ്ണമെന്നാണ് നിര്‍ദേശം. ഇനിയും ഉദ്യോഗസ്ഥരുടെ നിസഹകരണം തുടര്‍ന്നാല്‍ തമിഴ്‌നാട്ടിലേക്ക് ഫാം മാറ്റാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പരിശോധനയില്‍ നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനാലാണ് ഫാമിന് ലൈസന്‍സ് നല്‍കാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

click me!