യൂത്ത് ലീഗിന്‍റെ ഗ്ലാമ‍ർ മുഖം, സൈബിറടത്ത് ലീഗിനായി പ്രതിരോധം തീ‍ർക്കുന്ന പോരാളി; അഡ്വ. ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ വാർ‍ഡിൽ സ്ഥാനാർത്ഥി

Published : Nov 16, 2025, 11:25 AM IST
Fathima Thahiliya

Synopsis

ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും ലീഗിന് വേണ്ടി പ്രതിരോധം തീ‍ർക്കുന്ന തഹ്ലിയക്ക് ഇത് കന്നി മത്സരമാണ്. കോഴിക്കോട് കോർപറേഷനിലെ 59 ആം വാർഡായ കുറ്റിച്ചിറയിൽ തഹ്ലിയ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നത്.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയ കോഴിക്കോട് കോർപറേഷനിൽ സ്ഥാനാർഥി. നിലവിൽ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറിയായ ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. ​ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും ലീഗിന് വേണ്ടി പ്രതിരോധം തീ‍ർക്കുന്ന തഹ്ലിയക്ക് ഇത് കന്നി മത്സരമാണ്. തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയ പ്രതിനിധികളെ കണ്ടെത്താനുള്ള തിരക്കിലാണ് നാടും നഗരവും. ഇത്തവണ ജനവിധി തേടുന്നവരിൽ താനുമുണ്ടെന്ന് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു.

കോഴിക്കോട് കോർപറേഷനിലെ 59 ആം വാർഡായ കുറ്റിച്ചിറയിൽ മത്സരിക്കാനുള്ള ദൗത്യമാണ് പ്രസ്ഥാനവും മുന്നണിയും എന്നെ ഏൽപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഞാൻ പുതിയ ആളാണ്. പക്ഷെ, ഒന്നരപ്പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ളതിനാൽ ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കാനും അവരുടെ ദൈംനംദിന കാര്യങ്ങളിൽ ഇടപെടാനും എനിക്ക് സാധിച്ചിട്ടുണ്ട്. ആ ആത്മവിശ്വാസം തന്നെയാണ് പുതിയ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിയുന്നതിൽ പ്രധാന മുതൽക്കൂട്ടായുള്ളത്- തഹ്ലിയ പറഞ്ഞു.

എന്നെ ഈ രൂപത്തിൽ പാകപ്പെടുത്തിയത് പദവികളോ സ്ഥാനങ്ങളോ അല്ല, ഒന്നരപ്പതിറ്റാണ്ടിലേറെക്കാലമായി ജനങ്ങളോടൊപ്പമുള്ള നിമിഷങ്ങളും, അവരുടെ മുഖങ്ങളും കഥകളും തന്നെയാണ്. കോഴിക്കോടിന്റെ ഖൽബായ കുറ്റിച്ചിറ- നന്മയും ഒത്തൊരുമയും വൈവിധ്യങ്ങളും സമ്മേളിച്ച ചരിത്രപ്രസിദ്ധമായ നാടാണ്. കോഴിക്കോട് തട്ടകമായി പ്രവർത്തിക്കുന്ന എന്നെ സംബന്ധിച്ച് വീട്ടുകാരോളം തന്നെ ഹൃദയബന്ധം കുറ്റിച്ചിറയുമായുണ്ട്. ആ സ്നേഹവും കൂട്ടായ്മയും മധുരവും അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കെയാണ് നിങ്ങളുടെ ജനപ്രതിനിധിയാവാനുള്ള അസുലഭമായ അവസരവും തേടിയെത്തിയിരിക്കുന്നതെന്ന് തഹ്ലിയ പറയുന്നു.

കോഴിക്കോട് കോർപറേഷൻ ഒരു മാറ്റം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്നുണ്ട്. ആ മാറ്റത്തിന് മാറ്റുകൂട്ടണം. അതിനായി ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ: 'കൂടെയുണ്ട്' എന്ന വാക്കുകൊണ്ട് നിങ്ങളുടെ മകളായും സഹോദരിയായും എന്നെ ചേർത്തുപിടിക്കുന്നതിലും വലിയ സന്തോഷം വേറെയില്ല- അഡ്വ. ഫാത്തിമ തഹിലിയ ഫേസ്ബുക്കിൽ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

ചുരം കയറുന്നവര്‍ ശ്രദ്ധിക്കുക: ഗതാഗത നിയന്ത്രണം, ബസുകളൊഴികെയുള്ള വാഹനങ്ങൾക്ക് അനുമതിയില്ല, താമരശ്ശേരി ചുരത്തിലെ നിയന്ത്രണങ്ങളറിയാം
4 മാസം മുമ്പ് നഷ്ടപ്പെട്ടത്, വിശാലിന്റെ 'വിശാല മനസിൽ' തൻവിക്ക് തിരികെ കിട്ടിയത് ഒരു സ്വർണ്ണമാല