
തിരുവനന്തപുരം: ഡേറ്റിങ് ആപ്പിലൂടെ സ്വവർഗാനുരാഗികളായ പുരുഷന്മാരെ കണ്ടെത്തി ബന്ധപ്പെട്ടശേഷം പണം തട്ടുന്ന സംഘം അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വെഞ്ഞാറമൂട് സ്വദേശിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥരും ഉന്നത പദവികളിലിരിക്കുന്ന പലരും തട്ടിപ്പ് സംഘത്തിന്‍റെ വലയിലായ വിവരം ലഭിച്ചത്. പണവും സ്വർണവും നഷ്ടമാകുമെങ്കിലും വിവരം പുറത്തറിയുമെന്ന ഭയം മൂലം ആരും പരാതിയുമായി എത്താറില്ലെന്നും പൊലീസ് പറഞ്ഞു. വെഞ്ഞാറമ്മൂട് സ്വദേശിക്ക് മാലയും മോതിരവുമാണ് നഷ്ടമായത്. സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ മുക്കുനൂർ ജങ്ഷനിൽ വിളിച്ചുവരുത്തി കാറിൽ കടത്തിക്കൊണ്ടുപോയി സ്വർണം ഊരിവാങ്ങി മർദിച്ച് അവശനാക്കി പാലോട് സുമതി വളവിൽ ഉപേക്ഷിച്ച സംഭവമാണ് പ്രതികളെ കുടുക്കിയത്.
യുവാവ് പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചിതറ കൊല്ലായിൽ പണിക്കവിള വീട്ടിൽ സുധീർ (24), മടത്തറ തടത്തരികത്ത് വീട്ടിൽ മുഹമ്മദ് സൽമാൻ (19), പോരേടം മണലയം അജ്മൽ മൻസിലിൽ ആഷിക് (19), ചിതറ കൊല്ലായിൽ പുത്തൻവീട്ടിൽ സജിത്ത് (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ഫോൺവിവരവും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുവരികയാണ് പൊലീസ്. റിമാൻഡിലായ പ്രതികളെ വ്യാഴാഴ്ചയോടെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണത്തിനാണ് നീക്കം.
കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് സ്വദേശി ഡേറ്റിങ് ആപ്പ് തന്‍റെ ഫോണിൽ ഡൗൺലോഡ് ചെയ്തത്. ആപ്പിലൂടെ പരിചയപ്പെട്ട രണ്ടുപേർ അന്നേദിവസം വൈകുന്നേരത്തോടെ താൽപ്പര്യം അറിയിക്കുകയും ബന്ധപ്പെടാൻ തയാറാണെന്ന് പറയുകയുമായിരുന്നു. ഇത് വിശ്വസിച്ച് മുക്കുന്നൂരിലേക്ക് എത്തിയ യുവാവിനെ കാറിൽവച്ച് സ്വവർഗരതിക്ക് ക്ഷണിച്ചു. ഇതിനിടെ ചിത്രം പകർത്തിയ ഒരാൾ ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവിന് തട്ടിപ്പ് മനസിലാകുന്നത്. പിന്നാലെ അപരിചിതരെപ്പോലെ എത്തിയ സംഘത്തിലെ മറ്റ് രണ്ട് പേർ ഇയാളെ കാറിൽ നിന്ന് പുറത്തിറക്കി ക്രൂരമായി മർദ്ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം ആഭരണം ഊരിയെടുത്ത ശേഷം മർദ്ദിച്ച് അവശനാക്കി മുഖം മൂടിക്കെട്ടി പാലോട് സുമതി വളവിൽ ഉപേക്ഷിക്കുകയായിരുന്നു.
വെള്ളിയാഴ്ചയോടെ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയ യുവാവ് തട്ടിക്കൊണ്ട് പോയി പണം കവർന്നെന്ന് മാത്രമാണ് പൊലീസിനോട് പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഡേറ്റിങ് ആപ്പിന്‍റെ കഥ പുറത്തായത്. പരസ്പരം ആപ്പുവഴി മാത്രമായിരുന്നു ആശയവിനിമയം നടത്തിയതെന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ തടസമായിയിരുന്നു. ഇതോടൊ പൊലീസ് സൈബർ ഫൊറൻസിക് വഴി ഡിലീറ്റഡ് ഡാറ്റ റീസ്റ്റോർ ചെയ്താണ് പ്രതികളിലേക്കെത്താൻ കാരണമായത്.തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളിലൊരാളെ കുളത്തൂപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇതിനിടെ മറ്റുള്ളവർ എറണാകുളത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പ്രതികളുടെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ആലപ്പുഴ പൊലീസിന് കൈമാറി പുന്നപ്രയിൽ വെച്ച് ഹൈവേ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വെഞ്ഞാറമൂട് പൊലീസ് പ്രതികളെ ഏറ്റുവാങ്ങി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിയിൽ ഹാജരാക്കിയതോടെ നാലുപേരും റിമാൻഡിലാണ്. കവർച്ച ചെയ്‌തെടുത്ത സ്വർണം കേസിലെ ഒന്നാം പ്രതിയായ സുധീർ കൊല്ലത്തെ ഒരു ധനകാര്യ സ്ഥാപനത്തിൽ ഒന്നേകാൽ ലക്ഷത്തിന് പണയം വച്ചു. ഉന്നതരായ പലരേയും കുടുക്കിയ പ്രതികൾ കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇത്തരത്തിൽ ലക്ഷങ്ങളാണ് സമ്പാദിച്ചതെന്ന് പൊലിസ് പറയുന്നു. കസ്റ്റഡി അപേക്ഷ നൽകിയ ശേഷം പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കുമെന്ന് വെഞ്ഞാറമ്മൂട് പൊലീസ് അറിയിച്ചു. നേരത്തെ മലപ്പുറത്തും സമാനമായ കേസുകളുണ്ടായിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam