കൈകള്‍ നഷ്ടമായിട്ടും കൃഷിയെ കൈവിട്ടില്ല; ശ്രീധരന് സര്‍ക്കാരിന്‍റെ അംഗീകാരം

Published : Jan 22, 2021, 09:43 AM ISTUpdated : Jan 22, 2021, 09:47 AM IST
കൈകള്‍ നഷ്ടമായിട്ടും കൃഷിയെ കൈവിട്ടില്ല; ശ്രീധരന് സര്‍ക്കാരിന്‍റെ അംഗീകാരം

Synopsis

പന്ത്രണ്ട് വർഷം മുൻപ്  കൃഷി നാശം ഉണ്ടാക്കുന്ന വന്യ മൃഗങ്ങളെ തുരത്താൻ വച്ചിരുന്ന പടക്കം പൊട്ടിയാണ് ഇരു കൈകളും മുട്ടിനു കീഴ്പോട്ടു ശ്രീധരന് നഷ്ടമായത്. എന്നാല്‍ പ്രതിസന്ധിയെ അതിജീവിച്ച് മൂന്നേക്കറില്‍ തീര്‍ത്ത കൃഷിയിടം ആരെയും ആകര്‍ഷിക്കും

തിരുവനന്തപുരം: കൈകള്‍ നഷ്ടമായിട്ടും പ്രതിസന്ധികളെ തരണം ചെയ്തു കാട്ടിൽ  ഒറ്റക്ക് കൃഷിചെയ്ത് നൂറു മേനി വിളവെടുത്ത നാല്‍പ്പത്തിയേഴുകാരന് സര്‍ക്കാരിന്‍റെ അംഗീകാരം. കൃഷിയോടുള്ള അഭിനിവേശത്തിൽ ശാരീരിക അവശതകൾ പോലും മറന്ന് ജീവനോപാധി തേടുന്ന വേറിട്ട കർഷകർക്ക് വേണ്ടിയുള്ള പ്രത്യേക പുരസ്‌ക്കാരമാണ്  കോട്ടൂർ  കൊമ്പിടി കുന്നുംപുറത്തു വീട്ടിൽ ശ്രീധരന് ലഭിച്ചത്. തന്റെ കഠിനാധ്വാനത്തിനു സർക്കാരിന്റെ  പ്രത്യേക ആദരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നു ശ്രീധരന്‍ പറഞ്ഞു.  

പന്ത്രണ്ട് വർഷം മുൻപ്  കൃഷി നാശം ഉണ്ടാക്കുന്ന വന്യ മൃഗങ്ങളെ തുരത്താൻ വച്ചിരുന്ന പടക്കം പൊട്ടിയാണ് ഇരു കൈകളും മുട്ടിനു കീഴ്പോട്ടു ശ്രീധരന് നഷ്ടമായത്. 3 വര്‍ഷത്തോളം വേദനയും ചികിത്സയും വിഷമങ്ങളുമായി കുടിലിനുള്ളിൽ ഒതുങ്ങി കൂടി. ഒടുവിൽ പട്ടിണിയും പരിവട്ടവും കുട്ടികളുടെ വിഷമവും ഭാര്യയുടെ നിസഹായാവസ്ഥയും എല്ലാം  മനസിനെ കൂടുതൽ തളർത്തുമെന്നായപ്പോൾ മനോധൈര്യം വീണ്ടെടുത്തു. വീണ്ടും പരമ്പരാഗതമായി ചെയ്തിരുന്ന കൃഷിയിലേക്ക് തന്നെ ഇറങ്ങി.

വെല്ലുവിളികളെ മറികടന്ന് പച്ചക്കറി വിത്തുകൾ പാകി നട്ടു നനച്ചു വിളവെടുത്തു. പിന്നെ പതിയെ വെറ്റ കൊടിയൊരുക്കി, ക്രമേണ ചേമ്പും, ചേനയും, വാഴയും,കുരുമുളകും, ഒപ്പം റബ്ബർ ടാപ്പിങ്ങും തൊഴിലുറപ്പും ഉൾപ്പടെ ഇപ്പോള്‍ കൃഷിയില്‍  സജീവമാണ് ശ്രീധരൻ. വെട്ടുകത്തിയും, മൻവെട്ടിയും, പിക്കാസും, കോടാലിയും എല്ലാം കമ്പി വളയം ഉണ്ടാക്കി, അതിൽ തുണിചേർത്തു വരിഞ്ഞു കെട്ടിയാണ് തന്റെ കൈക്ക് ഇണങ്ങും വിധം തയാറാക്കിയത്.

കാട്ടിൽ തെങ്ങുകൾ കുറവായതിനാൽ കൂടുതൽ തെങ്ങു വച്ചു പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ശ്രീധരൻ ഇതിനായി കൃത്യ അകലത്തിൽ പത്തോളം കുഴികള്‍  എടുത്തു കഴിഞ്ഞു. ഇതോടൊപ്പം തെങ്ങു കയറ്റ മെഷിൻ വാങ്ങി അതിന്റെ പ്രയോഗം പഠിച്ചു. തെങ്ങില്‍ കയറി സ്വന്തമായി തേങ്ങാ ഇടണമെന്നാണ് ശ്രീധരന്റെ ആഗ്രഹം.

കൃഷിക്ക് വെള്ളം എത്തിക്കുക എന്ന ബുദ്ധിമുട്ട് എറിയപ്പോൾ വെറ്റകൊടിക്ക് സമീപമായി ജലമെടുക്കാൻ സൗകര്യത്തിനു കിണർ ശ്രീധരൻ ഒറ്റക്കാണ് നിർമ്മിച്ചത്. മൂന്നേക്കറോളം കൃഷിയിടത്തിൽ കവുങ്ങിൽ കയറി അടക്ക പറിക്കുന്നതും, റബ്ബർ വെട്ടുന്നതും, പച്ചക്കറികൾ ഉള്പടെ വിളവെടുത്തു കോട്ടൂർ ചന്തയിലും മറ്റും എത്തിച്ചു വിൽപ്പന നടത്തുന്നതും എല്ലാം ശ്രീധരൻ തന്നെയാണ്. 

ഭാര്യ സിന്ധുവും മകൾ സീത ലക്ഷ്മി മകന്‍ ശ്രീരാജ് എന്നിവരും ശ്രീധരന് കരുത്തായി കൂടെയുണ്ട്.കൃഷി കൂടാതെ, ആട്, കോഴി വളർത്തലും, മീൻ വളർത്തലും ഒക്കെയായി സദാ സമയവും തിരക്കിലാണ് ശ്രീധരൻ.കോട്ടൂർ ഊരുത്സവത്തിന്റെ ഭാഗമായി ഗീതാഞ്ജലി ഗ്രന്ഥശാല ഏർപ്പെടുത്തിയ ഗോത്ര ജ്യോതി പുരസ്ക്കാരവും ശ്രീധരന് ലഭിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍