Latest Videos

'ഇത് ഗുണ്ടല്‍പേട്ടല്ല, കഞ്ഞിക്കുഴി'; ചൊരിമണലില്‍ സൂര്യകാന്തിപ്പാടം വിരിയിച്ച് യുവ കര്‍ഷകന്‍

By Web TeamFirst Published Mar 22, 2021, 6:03 PM IST
Highlights

കേരളത്തില്‍ അപൂര്‍വമായ സൂര്യകാന്തി കൃഷി കഞ്ഞിക്കുഴിയിലെ കാരിക്കുഴിയില്‍ നൂറുമേനി വിളവ്‌ നല്‍കിയിരിക്കുകയാണ്‌. 

ആലപ്പുഴ: കാഴ്ചയുടെ വിസ്മയവുമായി കഞ്ഞിക്കുഴിയിലെ ചൊരിമണലില്‍  സൂര്യകാന്തിപ്പാടം ശ്രദ്ധേയമാകുന്നു. കര്‍ണാടകയിലെ സൂര്യകാന്തിപ്പൂക്കളുടെ നാടായ ഗുണ്ടല്‍പേട്ടിനെ ഓര്‍മപ്പെടുത്തുന്ന കാഴ്‌ചയാണ്‌ ഇവിടെ രണ്ടര ഏക്കറിലെ ചൊരിമണലില്‍ വിരിഞ്ഞുനില്‍ക്കുന്നത്. മുഹമ്മ- കഞ്ഞിക്കുഴി റോഡില്‍നിന്നു വനസ്വര്‍ഗം കൂറ്റുവേലി റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് എസ്‌ പി സുജിത്ത്‌ എന്ന യുവകര്‍ഷകന്റെ കൃഷിയിടം കണ്ട്‌ യാത്രികര്‍ വിസ്‌മയംകൊള്ളുന്നത്.  

കേരളത്തില്‍ അപൂര്‍വമായ സൂര്യകാന്തി കൃഷി കഞ്ഞിക്കുഴിയിലെ കാരിക്കുഴിയില്‍ നൂറുമേനി വിളവ്‌ നല്‍കിയിരിക്കുകയാണ്‌. മുമ്പ്‌ ഉള്ളിക്കൃഷി ചെയ്‌ത്‌ വിളവ്‌ കൊയ്‌ത സ്വാമിനികര്‍ത്തില്‍ സുജിത്ത്‌ എന്ന മുപ്പത്തിരണ്ടുകാരന്‌ ഇത്‌ വെല്ലുവിളികളെ അതിജീവിച്ച്‌ നേടിയ മറ്റൊരു വിജയം. നാട്ടുകാരന്‍ തന്നെയായ ഒരു കര്‍ഷകന്‍ അഞ്ചു വര്‍ഷം മുമ്പ്‌ ചെറിയതോതില്‍ നടത്തിയ സൂര്യകാന്തി പരീക്ഷണമാണ്‌ സുജിത്തിന്‌ പ്രേരണയായത്‌. 

രണ്ടു മാസം മുമ്പ്‌ തമിഴ്‌നാട്ടില്‍നിന്നു കൊണ്ടു വന്ന ആറായിരം ചുവട്‌ ഹൈബ്രിഡ്‌ തൈകളാണ്‌ നട്ടത്‌. വിഷു വിപണി ലക്ഷ്യമിട്ട്‌ വെള്ളരിയും ഇതോടൊപ്പം കൃഷി ചെയ്‌തു. 250 ചാക്ക്‌ കോഴി വളവും 50 ചാക്ക്‌ മണ്ണിര കമ്പോസ്‌റ്റും നൂറ്‌ ചാക്ക്‌ ചാണകവും ഉപയോഗിച്ചു. രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചു. വേഗത്തില്‍ തന്നെ തൈകള്‍ വളര്‍ന്നു. ഇപ്പോള്‍ പൂവണിഞ്ഞു. ഇതോടൊപ്പം നാലേക്കറില്‍ ഉള്ളിക്കൃഷിയുമുണ്ട്‌.

വിപണിയില്‍ നിന്ന്‌ മികച്ച വരുമാനം ലഭിക്കുമെന്നതിനാലാണ്‌ വേറിട്ട കൃഷി രീതികള്‍ ചെയ്യാന്‍ തയാറായതെന്ന്‌ സുജിത്ത്‌ പറയുന്നു. ഒരാഴ്‌ച കഴിയുന്നതോടെ കണിവെള്ളരികളാകും. അതോടെ കൃഷിയിടത്തിന്റെ മനോഹാരിതയേറും. ഇപ്പോള്‍ തന്നെ നിരവധി ആളുകള്‍ എത്തുന്നുണ്ട്‌. വിവാഹ ആല്‍ബങ്ങളുടേയും മറ്റും ഷൂട്ടിങ്ങിന്‌ സൂര്യകാന്തി തോട്ടം തേടിയെത്തുന്നവരാണ്‌ ഏറെയും. അതും ഒരു വരുമാന മാര്‍ഗമായി കഴിഞ്ഞു.

സന്ദര്‍ശകരില്‍നിന്ന്‌ പ്രവേശനഫീസായി ഞായറാഴ്‌കളില്‍ പത്തു രൂപയും മറ്റു ദിവസങ്ങളില്‍ അഞ്ച്‌ രൂപയും ഈടാക്കുന്നു. തൈ വില്‍പനയും സൂര്യകാന്തി എണ്ണ ഉത്‌പാദനവുമാണ്‌ പ്രധാന വരുമാന മാര്‍ഗമായി കാണുന്നത്‌. സബോളയും വെളുത്തുള്ളിയും കൃഷി ചെയ്യുകയാണ്‌ അടുത്ത പദ്ധതിയെന്ന്‌ സുജിത്ത്‌ പറയുന്നു. വെണ്ട പോലെയുള്ളവ കൃഷി ചെയ്യുന്നവര്‍ക്ക്‌ വിജയകരമായി സൂര്യകാന്തി വളര്‍ത്താനാകുമെന്നും ഇദ്ദേഹം ഉറപ്പുനല്‍കുന്നു. 

കുട്ടിക്കാലത്തെ കൃഷിയോട്‌ താല്‍പ്പര്യമുണ്ടായിരുന്ന സുജിത്ത്‌ ഇന്ന്‌ അറിയപ്പെടുന്ന ജൈവകര്‍ഷകനാണ്‌. പ്ലസ്‌ ടു വിദ്യാഭ്യാസം കഴിഞ്ഞ്‌ കൃഷിയില്‍ സജീവമായി. എട്ടു വര്‍ഷമായി അത്‌ കൂടുതല്‍ ഊര്‍ജിതവുമായി. ഭാര്യ അഞ്‌ജുവും അമ്മ ലീലാമണിയും സുജിത്തിന്‌ പൂര്‍ണ പിന്തുണയുമായി കൃഷിയിടത്തിലുണ്ട്‌. കാര്‍ത്തികയാണ്‌ മകള്‍.

click me!