
കല്‍പ്പറ്റ: വയനാട് തിരുനെല്ലി പനവല്ലിയില്‍ 400 കിലോവാട്ട് വൈദ്യുതി പ്രവഹിക്കുന്ന ലൈനുകള്‍ കൊണ്ടു പോകുന്നതിനായി സ്ഥാപിച്ച ടവറില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. ഇതേത്തുടർന്ന് നാട് മുഴുവൻ ആശങ്കയിലായി.
പനവല്ലിയിലെ പാണ്ടുരംഗ പവര്‍ഗ്രിഡ് ടവറിലാണ് കാട്ടിക്കുളം എടയൂര്‍ക്കുന്ന് രാജു (30) കയറിക്കൂടിയത്. വൈകുന്നേരം മൂന്നരയോടെ ടവറിന്റെ 70 മീറ്ററോളം ഉയരെ കയറി ഇരിപ്പുറപ്പിച്ച യുവാവിനെ ആദ്യം നാട്ടുകാര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി ഫയര്‍ഫോഴ്‌സില്‍ നിന്ന് ലീഡിങ് ഫയര്‍മാന്‍ സെബാസ്റ്റ്യന്‍ ജോസഫും സംഘവും എത്തി ടവറിന് മുകളില്‍ കയറി യുവാവുമായി സംസാരിക്കുകയായിരുന്നു. അപകടം മുന്നില്‍ക്കണ്ട് വൈദ്യുതി വിച്ഛേദിച്ചായിരുന്നു രക്ഷാദൗത്യം.
യുവാവിനോട് ആശയവിനിമയം നടത്തിയതില്‍ നിന്നും ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. നല്ല ഉയരത്തിലായതിനാല്‍ യുവാവുമായി താഴെ നിന്ന് സംസാരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായിരുന്നില്ല. തുടര്‍ന്നാണ് മുകളില്‍ കയറാന്‍ തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam