
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നര കിലോയോളം കഞ്ചാവുമായി രണ്ട് പേർ പോലീസിന്‍റെ പിടിയിൽ. പള്ളിക്കൽ ഗവ: ഹൈസ്കൂളിന് സമീപത്ത് നിന്നാണ് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ നിലക്കാ മുക്ക് , മംഗ്ലാവിള നെടിയവിള വീട്ടിൽ അനുദാസ് (വയസ്സ് 19) , കടയ്ക്കാവൂർ നിലക്കാമുക്ക് പാട്ടികവിള പുതുവൽവിള വീട്ടിൽ സുബിൻ രാജ് (വയസ്സ് 19) എന്നിവരെ ആണ് റൂറൽ ഷാഡോപൊലീസിന്റെ സഹായത്തോടെ സബ്ബ് ഇൻസ്പെക്ടർ വി. ഗംഗാപ്രസാദിന്റെ നേതൃത്വത്തിൽ പളളിക്കൽ പോലീസ് പിടികൂടിയത്.
ഇവർ കഞ്ചാവ് വിൽപ്പനക്കായി ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവർ വിൽപ്പനക്കായി കേരളത്തിൽ കഞ്ചാവ് എത്തിച്ചിരുന്നത്. പിടിയിൽ ആയ അനുദാസ് തമിഴ്നാട്ടില്‍ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആണ്. പളളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചില സ്ഥലങ്ങളിൽ കഞ്ചാവിന്റെ ഉപഭോഗം സ്കൂൾ , കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള ചെറുപ്പക്കാരിൽ വർദ്ധിക്കുന്നതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ തിരു: റൂറൽ ജില്ലാ പോലീസ് മേധാവി പി. അശോക് കുമാറിന്റെ നിർദ്ദേശപ്രകാരം നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിൽ ആയത്.
കഞ്ചാവ് ഉൾപ്പെടെ ഉള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരും പ്രദേശത്തെ വിതരണം ചെയ്യുന്നവരും മാസങ്ങളായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ മാസം പള്ളിക്കൽ താമസക്കാരൻ ആയ യുവാവ് ഒറീസയിൽ നിന്നും കൊണ്ട് വന്ന ഏഴ് കിലോ കഞ്ചാവുമായി കാട്ടാക്കടയിൽ വച്ച് ഷാഡോ പോലീസിന്റെ പിടിയിൽ ആയിരുന്നു. അയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടി ആണ് ഇവർ ഇപ്പോൾ പിടിയിൽ ആയത്. പിടിയിൽ ആയവരെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam