മേയറായിരുന്ന ആര്യയുടെ അഹങ്കാരം, യുപി മുഖ്യമന്ത്രി യോഗിയുടെ പ്രസ്താവന ആഗോള അയ്യപ്പ സംഗമത്തിൽ വായിച്ചത്, വെള്ളാപ്പള്ളി-മുഖ്യമന്ത്രി കാർ യാത്ര, ശബരിമല സ്വർണക്കൊള്ള, വിഭാഗിയത തുടങ്ങിയ വിഷയങ്ങളിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ അതിരൂക്ഷ വിമർശനം നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പരാജയത്തിൽ സി പി എം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. മേയറായിരുന്ന ആര്യ രാജേന്ദ്രന്‍റെ അഹങ്കാരം, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന ആഗോള അയ്യപ്പ സംഗമത്തിൽ വായിച്ചത്, വെള്ളാപ്പള്ളിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ കാർ യാത്ര, ശബരിമല സ്വർണക്കൊള്ള, ജില്ലയിലെ വിഭാഗിയത തുടങ്ങിയ വിഷയങ്ങളിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്. മേയറുടെ അഹങ്കാരവും കടുകാര്യസ്ഥതയും തിരിച്ചടിയായെന്ന് ഭൂരിഭാഗം നേതാക്കളും ജില്ലാ കമ്മിറ്റിയിൽ വിമർശിച്ചു. മുൻ മേയർ വി കെ പ്രശാന്ത്, ആര്യക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ജില്ലയിലെ കടുത്ത വിഭാഗീയതയും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി ഒന്നല്ല, മൂന്നുപേരുണ്ടെന്ന വിമർശനവും ഉയർന്നു. നേതാക്കൾ പരസ്പരം ഭിന്നിച്ചു നിൽക്കുകയാണ്. മൂന്ന് വിഭാഗങ്ങളെ നയിക്കുന്നത് മൂന്ന് നേതാക്കളാണ്. തീരുമാനങ്ങൾ പരസ്പരം പരാജയപ്പെടുത്തുകയാണ് ഈ മൂന്ന് വിഭാഗങ്ങളും ചെയ്യുന്നത്. ജില്ലാ നേതൃത്വത്തിന് കൂട്ടായ അഭിപ്രായമില്ലെന്നും അംഗങ്ങൾ വിമർശിച്ചു.

സ്ഥാനാർഥി നിർണയം പാളി

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയം പാളിയെന്ന വിമർശനവും സി പി എം ജില്ലാ കമ്മിറ്റിയിൽ ഉയർന്നു. നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തിലും വലിയ പാളിച്ചയാണ് ഇക്കുറി സംഭവിച്ചത്. സ്ഥാനാർഥിനിർണയം വൈകി. പലയിടത്തും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ ഉണ്ടായി. ബി ജെ പിയും കോൺഗ്രസും സ്റ്റാർ സ്ഥാനാർഥികളെ കണ്ടെത്തിയപ്പോൾ എൽ ഡി എഫിന് തലയെടുപ്പുള്ള അത്തരം സ്ഥാനാർഥിയെ കണ്ടെത്താനായില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ശബരിമല സ്വർണ്ണക്കൊള്ളയും തോൽവിക്ക് കാരണം

തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ശബരിമല സ്വർണ്ണക്കൊള്ളയെന്നും സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി കാറിൽ എത്തിയത് തെറ്റാണ്. വെള്ളാപ്പള്ളിയുടെ പല പ്രസ്താവനകളും എൽ ഡി എഫിന് ദോഷം ചെയ്തു. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തെറ്റില്ല. എന്നാൽ ആ പരിപാടിയിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ ആശംസ വായിക്കുന്നതിന്‍റെ രാഷ്ട്രീയം എന്താണെന്നും ജില്ലാ നേതാക്കൾ ചോദിച്ചു. എല്ലാം ഭരണത്തിന് വിട്ടു കൊടുത്ത് പാർട്ടി മാറിനിൽക്കുന്നതിന്‍റെ കുഴപ്പമാണിതെന്നും സി പി എം ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.