വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥനെ ആക്രമിച്ച് ബൈക്കിലെത്തിയ യുവാക്കള്‍ രക്ഷപ്പെട്ടു

By Web TeamFirst Published Oct 1, 2020, 8:38 AM IST
Highlights

ഉദ്യോഗസ്ഥന്‍റെ നെഞ്ചിൽ പിടിച്ചു തള്ളി, അസഭ്യം പറഞ്ഞ ശേഷം യുവാക്കള്‍ വേഗത്തിൽ ബൈക്ക് ഓടിച്ചു പോവുകയായിരുന്നു

ഇടുക്കി: വാഹന പരിശോധനയ്ക്കിടയിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടു.ചൊവ്വാഴ്ച വൈകിട്ട് പഴയ മൂന്നാർ മൂലക്കടയിൽ വച്ചാണ് സംഭവം. ദേവികുളം ജോയിന്റ് ആർ.ടി.ഓഫിസിലെ  ഇൻസ്പെക്ടർ പി.എസ്.മുജീബിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടയിൽ ആണ് സംഭവം.

നാലു ബൈക്കുകളിലായി എത്തിയ യുവാക്കളോട് വാഹനം നിർത്താൻ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍  ഇതിൽ ഒരു ബൈക്കിലിരുന്ന  യുവാക്കൾ പി.എസ്.മുജീബിന്റെ നെഞ്ചിൽ പിടിച്ചു തള്ളി, അസഭ്യം പറഞ്ഞ ശേഷം വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. ഉടൻ തന്നെ സംഭവം മൂന്നാർ പൊലീസിനെ അറിയിച്ചു. മൂന്നാര്‍ പൊലീസ് വയർലെസിലൂടെ വിവരം  ഹൈവേ പൊലീസിനെ അറിയിച്ചു. 

വൈകിട്ടോടെ സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ ഹൈവേ പോലീസ് വാളറയിൽ വച്ച് പിടികൂടി. എന്നാൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ അക്രമിച്ചവരെ പിടികൂടാൻ കഴിഞ്ഞില്ല. ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന്‌ മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

click me!