കൊറോണ വൈറസ് കാരണം ജോലി പോയ ഇതര സംസ്ഥാന തൊഴിലാളി ലക്ഷാധിപതിയായി

By Web TeamFirst Published Mar 22, 2020, 3:31 PM IST
Highlights

ഏഴുദിവസം മുന്‍പാണ് തിരികെ മിര്‍സാപൂരിലെത്തിയത്. വീട്ടുകാര്യങ്ങള്‍ക്കുള്ള ചെലവിനുള്ള പണം കണ്ടെത്താനാവാതെ കുഴങ്ങിയിരിക്കുകയായിരുന്നു. അതിനിടയിലാണ് ലോട്ടറിയടിച്ചത്

ഗുവാഹത്തി : കൊറോണ വൈറസ് വ്യാപകമായതിന് പിന്നാലെ ജോലി നഷ്ടമായി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടി വന്ന ഇതര സംസ്ഥാന തൊഴിലാളിയെ ഭാഗ്യം തുണച്ചു. ആശാരിപ്പണിയ്ക്കായി കേരളത്തിലെത്തിയ മിര്‍സപൂര്‍ സ്വദേശിക്കാണ് ലോട്ടറിയടിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നാട്ടിലേക്ക് മടങ്ങാന്‍ ഒരു ട്രെയിനില്‍ എസി ടിക്കറ്റ് പോലും എടുക്കാന്‍ പൈസയില്ലാതിരുന്ന ഇജ്റുള്‍ കഴിഞ്ഞ ദിവസമാണ് മിര്‍സാപൂരിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയപ്പോഴാണ് ലോട്ടറിയടിച്ച വിവരം അറിഞ്ഞത്. വിവരം പുറത്ത് വന്നതോടെ നാട്ടിലെ താരമായി ഇയാള്‍ രക്ഷിതാക്കളും ഭാര്യയും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിക്കുന്ന ഇജ്റുളിന്‍റെ വീട്ടിലേക്ക് ഇപ്പോള്‍ ആശംസകളുമായി നിരവധിപ്പേരാണ് എത്തുന്നത്. മകന് ഇനി തങ്ങളില്‍ നിന്നും ദൂരെപ്പോയി  ജോലി ചെയ്യേണ്ട ആവശ്യമില്ലല്ലോയെന്ന ആശ്വാസത്തിലാണ് ഇജ്റുളിന്‍റെ രക്ഷിതാക്കള്‍ ഉള്ളത്. 

സ്വന്തം നാട്ടില്‍ ആശാരിപ്പണിക്ക് ദവസം 500 രൂപ വേതനം മാത്രമാണ് ലഭിക്കാറ്. അതിനാലാണ് ജോലി തേടി കേരളത്തിലെത്തിയതെന്ന് ഇജ്റുള്‍ പറയുന്നു. കേരളത്തില്‍ ആയിരം മുതല്‍ അയിരത്തി ഇരുനൂറ് രൂപ വരെ ലഭിക്കുമെന്നും ഇയാള്‍ പശ്ചിമബംഗാളിലെ ഒരു വാര്‍ത്താ മാധ്യമത്തോട് വിശദമാക്കി. കഴിഞ്ഞ പ്രളയത്തിന്‍റെ സമയത്തും ജീവനുമായി തിരികെ നാട്ടിലേക്ക് പോകേണ്ട അവസ്ഥ നേരിട്ടിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെ മടങ്ങിയപ്പോള്‍ ഭാഗ്യം കൂടെ വന്നുവെന്നാണ് ഇയാള്‍ പ്രതികരിക്കുന്നത്. കൊറോണ വൈറസിനേക്കാള്‍ താന്‍ ഭയക്കുന്നത് ജോലിയില്ലാത്ത സ്ഥിതിയാണെന്ന് ഇയാള്‍ പറയുന്നു. 

ഏഴുദിവസം മുന്‍പാണ് തിരികെ മിര്‍സാപൂരിലെത്തിയത്. വീട്ടുകാര്യങ്ങള്‍ക്കുള്ള ചെലവിനുള്ള പണം കണ്ടെത്താനാവാതെ കുഴങ്ങിയിരിക്കുകയായിരുന്നു. അതിനിടയിലാണ് ലോട്ടറിയടിച്ച വിവരം അറിയുന്നതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. 

click me!