'ഷോപ്പിം​ഗിനിടെ അപ്രതീക്ഷിത ഫോണ്‍വിളി'; ബി​ഗ് ടിക്കറ്റിലൂടെ 19 കോടി സ്വന്തമാക്കി മലയാളി സുഹൃത്തുക്കൾ

Web Desk   | Asianet News
Published : Mar 05, 2020, 08:28 AM ISTUpdated : Mar 05, 2020, 12:50 PM IST
'ഷോപ്പിം​ഗിനിടെ അപ്രതീക്ഷിത ഫോണ്‍വിളി'; ബി​ഗ് ടിക്കറ്റിലൂടെ 19 കോടി സ്വന്തമാക്കി മലയാളി സുഹൃത്തുക്കൾ

Synopsis

'ഇതിന് മുമ്പും ഞങ്ങൾ ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യം പരീക്ഷിച്ചിട്ടുണ്ട്. അന്നൊക്കെ നിരാശയായിരുന്നു ഫലം. ഈ സമ്മാനത്തിലൂടെ രക്ഷപ്പെടുന്നത് എട്ട് കുടുംബങ്ങളാണ്' മോഹൻ കുമാർ പറയുന്നു. 

അബുദാബി: ബിഗ് ടിക്കറ്റ് ബമ്പർ നറുക്കെടുപ്പിൽ 19 കോടി സ്വന്തമാക്കി മലയാളി സുഹൃത്തുക്കൾ. ആലപ്പുഴ സ്വദേശിയായ മോഹൻ കുമാർ ചന്ദ്രദാസിലൂടെയാണ് എട്ടുപേരടങ്ങുന്ന സംഘത്തിനെ ഭാഗ്യദേവത കടാക്ഷിച്ചത്.  050897 എന്ന നമ്പറിലൂടെയാണ് 10 ദശലക്ഷം ദിർഹം (19 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി മോഹൻ കുമാറിനും സുഹൃത്തുക്കൾക്കും ലഭിച്ചത്. ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പ്.

സൗദിയിലെ നജ്റാനിൽ സമായ അൽ അദ കമ്പനിയിലെ സൈറ്റ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് മോഹൻ കുമാർ. ഇതേകമ്പനിയിലെ വിവിധ സൈറ്റുകളിൽ ജോലി ചെയ്യുന്ന പിവി അരുൺ ദാസ് (പാലക്കാട്), സൂരജ് ആര്യാട് (ആലപ്പുഴ), ശ്യാം സുന്ദർ (കൊച്ചി), വിനീഷ് ബാലൻ, ഭാസ്കരൻ റബീഷ് (മലപ്പുറം) ജിത്തു ബേബി (നെടുമ്പാശ്ശേരി), ശശിധരൻ ലഞ്ജിത് (ആർപ്പൂക്കര) എന്നിവരാണ് മറ്റു ഭാഗ്യശാലികൾ.

സുഹൃത്തുക്കൾ ഓരോരുത്തരും തുല്യമായി 66.25 റിയാൽ വീതമെടുത്ത് (മൊത്തം 530 റിയാൽ) ഓൺലൈനിലൂടെയാണ് ടിക്കറ്റെടുത്തത്. കഴിഞ്ഞ ഒമ്പത് വർഷമായി സൗദിയിലെ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന മോഹൻ കുമാർ സമായ അൽ അദയിൽ ജോലിക്ക് ചേർന്നിട്ട് ഒന്നര വർഷമായി. 

സുഹൃത്തുക്കളുമായി ഷോപ്പിം​ഗ് നടത്തുമ്പോഴാണ് താൻ കോടീശ്വരനായ വിവരം അറിയിച്ചുകൊണ്ടുള്ള അപ്രതീക്ഷിത ഫോണ്‍ കോള്‍ മോഹന്‍ കുമാറിന് ലഭിച്ചത്. സമ്മാന വിവരമറിയിച്ചപ്പോള്‍ എല്ലാവരെയും പോലെ അത് വിശ്വസിക്കാന്‍ മോഹനും തയ്യാറായില്ല. ‘നിങ്ങൾക്ക് ഉറപ്പാണോ? ഓക്കെ. നന്ദി...നന്ദി...നന്ദി...’ ഇതായിരുന്നു മോഹൻ കുമാറിന്റെ പ്രതികരണം. 

'ഇതിന് മുമ്പും ഞങ്ങൾ ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യം പരീക്ഷിച്ചിട്ടുണ്ട്. അന്നൊക്കെ നിരാശയായിരുന്നു ഫലം. ഈ സമ്മാനത്തിലൂടെ രക്ഷപ്പെടുന്നത് എട്ട് കുടുംബങ്ങളാണ്' മോഹൻ കുമാർ പറയുന്നു. സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് മോഹൻ കുമാർ അറിയിച്ചു. അമ്പിളിയാണ് മോഹൻ കുമാറിന്റെ ഭാര്യ. ആർദ്രവ് കൃഷ്ണയാണ് മകൻ. 

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ 10 സമ്മാനങ്ങളിൽ ഏഴും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. മോഹൻ ഗണേശൻ, ലാലിയ സുരേഷ്, ബന്ദാവൽ കേശവ ഷെട്ടി, മോഹനൻ പുള്ളി, എൻ.പി. സജിത്, സണ്ണി ദേവസികുട്ടി എന്നിവരാണ് സമ്മാനം നേടിയ മറ്റ് ഇന്ത്യക്കാർ. 

Read Also: 'നിങ്ങൾക്ക് ഉറപ്പാണോ?’ ബി​ഗ് ടിക്കറ്റിലൂടെ 19 കോടി സ്വന്തമാക്കിയ മലയാളി ചോദിക്കുന്നു

PREV
click me!

Recommended Stories

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; ടി ഐ മധുസൂദനന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെ സിപിഎം അക്രമം
കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ, 216 കോടി വിറ്റുവരവ്; കഴിഞ്ഞ വർഷത്തേക്കാൾ 26 കോടി അധികം