പന്ത്രണ്ട് കോടിയുടെ ബമ്പര്‍ നേട്ടത്തിലും രാജന് ഒരു പരിഭവം ഉണ്ട്

By Nithya RobinsonFirst Published Feb 12, 2020, 3:28 PM IST
Highlights

ജീവിതത്തിലെ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയില്‍ താന്‍ എന്തിനാണ് ലോട്ടറി എടുത്ത് പണം കളയുന്നത് എന്ന ഭാര്യയുടെ വിഷമം വകവയ്ക്കാതെ കഴിഞ്ഞ പത്ത് വര്‍ഷമായി രാജന്‍ ഭാഗ്യം പരീക്ഷിക്കുന്നു.  
 

ബ്ബർ ടാപ്പിംഗ് ചെയ്തും കൂലിപ്പണിയെടുത്തും കിട്ടുന്ന തുച്ഛമായ തുക കൊണ്ട് നാലുപേരുടെ കുടുംബത്തെ പോറ്റുന്ന കണ്ണൂര്‍ സ്വദേശി രാജനെ തേടി ഈയാഴ്ച എത്തിയത് ക്രിസ്മസ് ബമ്പറിന്റെ പന്ത്രണ്ട് കോടി. താൻ ഒരു കോടീശ്വരനായെന്ന് അദ്ദേഹത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. "കഷ്ടപ്പാടുകളിൽ നിന്ന് കരയറാൻ സാധിക്കുമെന്ന് കരുതി ഞാൻ എന്നും ലോട്ടറി എടുക്കും. പ്രതീക്ഷിക്കാത്ത ഭാഗ്യം ആയിരുന്നു,"രാജൻ പറഞ്ഞ് തുടങ്ങുന്നു.

മുത്ത മകളുടെ കല്യാണത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാനായി തോലമ്പ്ര സഹകരണ ബാങ്കിലേക്ക് പോകും വഴിയാണ് ഭാഗ്യദേവതയുടെ ഇടപെടല്‍. മകൻ രിഗിലിനൊപ്പം റബ്ബർ ടാപ്പിംഗിന് പോയും കൂലിപ്പണിയെടുത്തുമാണ് ബാങ്കിലെ കടം അടച്ചു തീര്‍ക്കുന്നതും നിത്യചെലവുകള്‍ക്ക് വഴി കാണുന്നതും. എന്നാല്‍, ഇരുപത് ദിവസം മുമ്പ് ബാങ്കിലേക്കുള്ള ആ യാത്ര ദൈവത്തിന്റെ കയ്യൊപ്പ് പതിച്ച എസ്.ടി. 269609 എന്ന ടിക്കറ്റിലേക്ക് രാജനെ എത്തിച്ചു. കൂത്തുപറമ്പ് പയ്യന്‍ ലോട്ടറി സ്റ്റാളില്‍ നിന്നുമാണ് രാജൻ ടിക്കറ്റെടുത്തത്.

നറുക്കെടുപ്പിന് പിന്നാലെ ബമ്പർ‌ സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിനാണെന്ന വാര്‍ത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ തനിക്കാകും ആ ഭാഗ്യമെന്ന് രാജൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. പിന്നാലെ നമ്പരുകൾ ഒത്തുനോക്കാമെന്ന് കരുതി രാജൻ ടിക്കറ്റ് അന്വേഷിച്ചെങ്കിലും കാണാനില്ലായിരുന്നു. ഒടുവിൽ ഫലം വന്ന അന്ന് വൈകുന്നേരം ഒരു പുസ്തകത്തിനിടയിൽ നിന്ന് ടിക്കറ്റ് കണ്ടെത്തി. ‍

"പിറ്റേദിവസം രാവിലെ കടയിൽ പോയി പത്രം നോക്കിയപ്പോള്‍ ആകെ തളർന്നു പോയി. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. തല ചുറ്റുന്നതായും കണ്ണിൽ ഇരുട്ട് കയറുന്നതായും തോന്നി. നെഞ്ചിടിപ്പ് കൂടി വന്നതോടെ  ഒരു ചായ കുടിച്ചു,"രാജൻ പറയുന്നു.

ചായ കുടിച്ച് കഴിഞ്ഞ് വീട്ടിലേക്ക് വിളിച്ചപ്പോൾ രണ്ടമത്തെ മകൾ അക്ഷരയാണ് ഫോൺ എടുത്തത്. അക്ഷരയോട് തന്നെയാണ് രാജൻ ഭാഗ്യം തുണച്ചകാര്യം ആദ്യം പറഞ്ഞതും. എന്നാൽ, അച്ഛൻ വെറുതെ പറഞ്ഞതാകുമെന്നാണ് അക്ഷര കരുതിയത്. പിന്നീട് കടക്കാരനെ കൊണ്ട് പറയിപ്പിച്ചപ്പോഴാണ് മകള്‍ വിശ്വസിച്ചത്.

ജീവിതത്തിലെ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയില്‍ താന്‍ എന്തിനാണ് ലോട്ടറി എടുത്ത് പണം കളയുന്നത് എന്ന ഭാര്യയുടെ വിഷമം വകവയ്ക്കാതെ കഴിഞ്ഞ പത്ത് വര്‍ഷമായി രാജന്‍ ഭാഗ്യം പരീക്ഷിക്കുന്നു. നാല് ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തത് വഴി ഏഴ് ലക്ഷം രൂപയുടെ കടമുണ്ട് രാജന്.

"ഏഴ് ലക്ഷം രൂപ കടമുണ്ട്. സമ്മാനമടിക്കുമെന്ന പ്രതീക്ഷയോടെ എല്ലാ ദിവസവും ടിക്കറ്റെടുക്കും. ഇടയ്ക്ക് 5,000 രൂപ വരെ സമ്മാനം അടിച്ചിട്ടുണ്ടായിരുന്നു. നമ്പറിലെ ചെറിയ വ്യത്യാസത്തിന് അര ലക്ഷം രൂപ സമ്മാനം അകന്നുപോയിട്ടുമുണ്ട്. ഈ തുകയിലൂടെ എന്റെ കടങ്ങളിൽ നിന്ന് രക്ഷപ്പെടാം,"രാജൻ പറയുന്നു.

കോടീശ്വരൻ ആയെങ്കിലും ഇനിയും ലോട്ടറി എടുക്കാൻ തയ്യാറാണ് രാജൻ. മകളുടെ കല്ല്യാണത്തിനായി എടുത്ത ലോണ്‍ തീര്‍ക്കണം, ബാങ്കിലുള്ള വീടിന്‍റെ ആധാരം വീണ്ടെടുക്കണം, വീടൊന്ന് പുതുക്കി പണിയണം. പിന്നെ തന്നെ പോലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള ചിലരെ സഹായിക്കണം.... ഇത്രയൊക്കയേ ഉള്ളൂ രാജന്‍റെ മോഹങ്ങള്‍. പ്ലസ് ടുവിന് പഠിക്കുകയാണ് അക്ഷര. ഭാര്യ രജനി അംഗന്‍വാടി ജീവനക്കാരിയാണ്. മൂത്ത മകള്‍ ആതിര വിവാഹിതയാണ്. മകന്‍ രിഗിലും രാജനെ പോലെ കൂലിപ്പണിക്കാരനാണ്.

കോടീശ്വരനായെങ്കിലും ലോട്ടറി എടുക്കുന്ന സാധാരണക്കാരുടെ കാര്യം ഓര്‍ത്ത് ചെറിയൊരു വിഷമമുണ്ട് രാജന്. മറ്റൊന്നുമല്ല, ലോട്ടറി ടിക്കറ്റിന്റെ വിലയുടെ കാര്യത്തിലാണ് രാജന് പരാതി. 300 രൂപ നല്‍കി ടിക്കറ്റ് വാങ്ങുകയെന്നത് തന്നെ പോലെയുള്ള ദിവസകൂലിക്കാര്‍ക്ക് അത്ര എളുപ്പമല്ലെന്നാണ് രാജൻ പറയുന്നത്.

click me!