കടബാധ്യതയുടെ നടുവിൽ പച്ചക്കറി കടക്കാരനെ തേടി 70 ലക്ഷവുമായി ഭാ​ഗ്യദേവത!

By Web TeamFirst Published Feb 21, 2020, 9:03 PM IST
Highlights

സ്വകാര്യ വ്യക്തിയിൽ നിന്നും വസ്തു പണയപ്പെട്ടുത്തി ലഭിച്ച തുക കൊണ്ടാണ് രണ്ട് പെൺമക്കളുടെ വിവാഹം നടത്തിയത്. പണം യഥാസമയം തിരിച്ച് നൽകാൻ കഴിയാതെ വന്നതോടെ സ്വകാര്യ വ്യക്തി വസ്തു സ്വന്തം പേരിലാക്കിയെന്ന് നരേന്ദ്രൻ പറയുന്നു. 

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്നതിനിടെ ഭാ​ഗ്യ ദേവതയുടെ കടാക്ഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശി നരേന്ദ്രൻ. കട ബാധ്യതയുടെ നടുവിൽ കഴിഞ്ഞ നരേന്ദ്രന് മുന്നിൽ ഭാ​ഗ്യം എത്തിയത് കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ രൂപത്തിൽ. പി എം 822404 എന്ന നമ്പരാണ് എഴുപത് ലക്ഷത്തിന്റെ ഭാ​ഗ്യം നരേന്ദ്രന് നേടികൊടുത്തത്.

ബുധനൂർ പഞ്ചായത്ത് എണ്ണയ്ക്കാട് പതിനൊന്നാം വാർഡിൽ മാനാംകുഴി സ്വദേശിയായ നരേന്ദ്രൻ സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ്. സുനിൽ എന്ന ഏജന്റിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് നരേന്ദ്രൻ വാങ്ങിയത്. എപ്പോഴും ഭാ​ഗ്യം പരീക്ഷിക്കാറുള്ള തനിക്ക് നാമമാത്രമായ തുകകൾ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് നരേന്ദ്രൻ പറയുന്നു.

കഴിഞ്ഞ മുപ്പത് വർഷമായി എണ്ണയ്ക്കാട് ജംഗ്ഷനിൽ വാടകയ്ക്ക് മുറിയെടുത്ത് പച്ചക്കറി കച്ചവടം നടത്തിവരികയാണ് നരേന്ദ്രൻ. സ്വകാര്യ വ്യക്തിയിൽ നിന്നും വസ്തു പണയപ്പെട്ടുത്തി ലഭിച്ച തുക കൊണ്ടാണ് രണ്ട് പെൺമക്കളുടെ വിവാഹം നടത്തിയത്. പണം യഥാസമയം തിരിച്ച് നൽകാൻ കഴിയാതെ വന്നതോടെ സ്വകാര്യ വ്യക്തി വസ്തു സ്വന്തം പേരിലാക്കിയെന്ന് നരേന്ദ്രൻ പറയുന്നു. നിലവിൽ കേസ് കോടതിയിൽ നടക്കുകയാണ്. 

വൻ സാമ്പത്തിക ബാധ്യതയുടെ നടുവിൽ കഴിഞ്ഞ തനിക്ക് തുണയായത് കാരുണ്യ പ്ലസ് ലോട്ടറിയാണെന്നും നരേന്ദ്രൻ പറയുന്നു. ഭാര്യ പ്രഭാവതി, മകൻ പ്രദീപ്, മരുമകൾ മഞ്ജു എന്നിവരടങ്ങുന്ന കുടുംബമാണ് നരേന്ദ്രന്റേത്.  പ്രേമലത, പ്രസന്ന എന്നീ മക്കളുടെ വിവാഹമാണ് കഴിഞ്ഞത്. സമ്മാനമായി ലഭിച്ച തുകയിലൂടെ തന്റെ കട ബാധ്യതകൾ തീർക്കണമെന്നും പച്ചക്കറി കച്ചവടം വിപുലമാക്കണമെന്നുമാണ് നരേന്ദ്രന്റെ ആ​ഗ്രഹം. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സഹകരണ ബാങ്കിന്റെ എണ്ണയ്ക്കാട് ശാഖയിൽ ഏല്പിച്ചു. 
 

click me!