വീടെന്ന സ്വപ്നം മുഹമ്മദിന് ഇനി യാഥാർത്ഥ്യമാകും; കാരുണ്യ പ്ലസിന്‍റെ 80 ലക്ഷം ഓട്ടോ തൊഴിലാളിക്ക്

By Nithya RobinsonFirst Published Aug 15, 2020, 3:57 PM IST
Highlights

മാതാപിതാക്കളും വാടക വീട്ടിലാണ് കഴിയുന്നതെന്നും സമ്മാന തുകകൊണ്ട് ആദ്യം അവർക്ക് വീട് വച്ച് നൽകാനാണ് ആ​ഗ്രഹിക്കുന്നതെന്നും മുഹമ്മദ് പറയുന്നു.  

മലപ്പുറം: കൊവിഡ് മഹാമാരിക്കിടെ അപ്രതീക്ഷിതമായി ലക്ഷപ്രഭു ആയതിന്റെ സന്തോഷത്തിലാണ് മലപ്പുറം സ്വദേശി മുഹമ്മദ്. 13ന് നറുക്കെടുത്ത കാരുണ്യപ്ലസ് ഭാ​ഗ്യക്കുറിയുടെ പിഎസ് 165267 എന്ന നമ്പറിലൂടെയാണ് മുഹമ്മദിനെ ഭാഗ്യം തേടി എത്തിയത്. 16 വർഷമായി വാടക വീട്ടിൽ കഴിയുന്ന ഈ 38കാരന് ഇനി സ്വന്തം വീടെന്ന സ്വപ്നം പൂവണിയും. 

മേലാറ്റൂർ സ്വദേശിയായ മുഹമ്മദ് ഓട്ടോ തൊഴിലാളിയാണ്. വേനൽക്കാലത്ത് കിണർ കുഴിക്കുന്ന ജോലിക്കും പോകും. കയ്യിൽ പണം ഉള്ളപ്പോഴെല്ലാം ലോട്ടറി എടുക്കാറുള്ള ആളാണ് മുഹമ്മദ്. തികച്ചും അപ്രതീക്ഷിതമായാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് മുഹമ്മദ് പറയുന്നു." ഒന്നാം സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മുമ്പ് ചെറിയ തുകകൾ അടിച്ചിരുന്നു. പക്ഷേ ഇത് അപ്രതീക്ഷിതമായി പോയി",മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

13-ാം തീയതി രാവിലെ മഞ്ചേരിയിലേക്ക് പോകുന്ന വഴിയാണ് മുഹമ്മദ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. പൊതുവേ ഇഷ്ട നമ്പറുകളിൽ ഭാ​ഗ്യം പരീക്ഷിക്കാറുള്ള ഇദ്ദേഹം അന്ന് കയ്യിൽ കിട്ടിയ ആറ് ടിക്കറ്റുമായാണ് യാത്ര തിരിച്ചത്. ഒടുവിൽ അവയിൽ ഒന്നിലൂടെ ഭാ​ഗ്യദേവത മുഹമ്മദിനെ തേടി എത്തി. 240 രൂപ കൊടുത്തായിരുന്നു ടിക്കറ്റുകൾ വാങ്ങിയത്.

വാടക വീട്ടിൽ കഴിയുന്ന മുഹമ്മദിന്റെ വിഷമങ്ങൾ കണ്ട ബന്ധുവും അയൽവാസിയുമായ ടി കെ കുട്ടിമാൻ 3 സെന്റ് സ്ഥലം നൽകിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിച്ച തുക ഉപയോ​ഗിച്ച് വീടിന് പേസ്മെന്റ് ഇട്ടതിന് പിന്നാലെയാണ് ഭാ​ഗ്യദേവതയുടെ കടാക്ഷം മു​ഹമ്മദിനെ തേടി എത്തിയത്. മാതാപിതാക്കളും വാടക വീട്ടിലാണ് കഴിയുന്നതെന്നും സമ്മാന തുകകൊണ്ട് ആദ്യം അവർക്ക് വീട് വച്ച് നൽകാനാണ് ആ​ഗ്രഹിക്കുന്നതെന്നും മുഹമ്മദ് പറയുന്നു.  

"സത്യമായിട്ടും അവർക്ക് വീട് വയ്ക്കണം ആദ്യം. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് നൽകിയ വീട് ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് പോയി. പിന്നാലെയാണ് വാടക വീട്ടിലേക്ക് പോയത്. അമ്മയൊക്കെ വാടകയ്ക്ക് പോയിട്ട് ഒരു കൊല്ലമേ ആയിട്ടുള്ളു",മുഹമ്മദ് പറയുന്നു.

ലോക്ക്ഡൗൺ ആണെങ്കിലും തരക്കേടില്ലാത്ത രീതിയിൽ തനിക്ക് ഓട്ടം ലഭിക്കാറുണ്ടെന്നും മുഹമ്മദ് പറയുന്നു. ഭാര്യ അസ്മയും നാല് കുട്ടികളും അടങ്ങുന്ന കുടുംബമാണ് മുഹമ്മദിന്റേത്. സമ്മാനാർഹമായ ടിക്കറ്റ് മേലാറ്റൂർ എസ്ബിഐ ശാഖയിലേൽപ്പിച്ചു‍. 

click me!