80 ലക്ഷത്തിന്റെ ലോട്ടറി തയ്യൽത്തൊഴിലാളിക്ക്; ഭാ​ഗ്യം തുണച്ചത് സമ്മാനമില്ലെന്ന് കരുതിയ ടിക്കറ്റിന്

By Web TeamFirst Published Dec 2, 2022, 10:40 AM IST
Highlights

വൈകുന്നേരം ഫലം നോക്കിയപ്പോൾ സമ്മാനമൊന്നും ഇല്ലെന്നു കരുതിയ ഇയാൾ ലോട്ടറി പോക്കറ്റിൽ തന്നെ വച്ചു. 

കോട്ടയം: കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം തയ്യൽത്തൊഴിലാളിക്ക്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസിന്റെ സമ്മാനത്തുക. പെരുവ പതിച്ചേരില്‍ കനില്‍ കുമാറിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്.

പെരുവ മൂർക്കാട്ടുപടിയിലെ വിഷ്ണു ടെയ്‌ലേഴ്സ് ഉടമയാണ് കനിൽ കുമാർ. ഇന്നലെ ഉച്ചയോടെ വെള്ളൂർ സ്വദേശിയായ ലോട്ടറി ഏജന്റ് അദ്ദേഹത്തിന്റെ കടയിൽ എത്തിയിരുന്നു. ഈ കച്ചവടക്കാരനിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് കനിൽ എടുത്തത്. വൈകുന്നേരം ഫലം നോക്കിയപ്പോൾ സമ്മാനമൊന്നും ഇല്ലെന്നു കരുതിയ ഇയാൾ ലോട്ടറി പോക്കറ്റിൽ തന്നെ വച്ചു. 

പിന്നീട് കടയ്ക്കുള്ള വായ്പ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോൾ ഒരു സുഹൃത്താണ് കനിൽ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന് ഫോൺ വിളിച്ചറിയിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് മുളക്കുളം സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു. പ്രസന്നയാണ് കനിലിന്റെ ഭാര്യ. പ്രസന്നയും ഭർത്താവിനൊപ്പം തയ്യൽ ജോലി ചെയ്യുകയാണ്.  പോളിടെക്നിക് വിദ്യാർഥിയായ വിഷ്ണുവാണ് മകൻ. കഴിഞ്ഞ ഏഴ് വർഷമായി മൂർക്കാട്ടുപടിയിൽ വാടകയ്ക്ക് താമിസിക്കുന്ന ഈ കുടുംബത്തിന് ഇനി സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകും. 

കൈയിലെ ഭാ​ഗ്യം ജീവിതത്തിലില്ല; കിടപ്പാടമെന്ന സ്വപ്നവുമായി സുമറാണി; സുമനസ്സുകൾ കനിയുമോ?

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കേരള ഭാ​ഗ്യക്കുറിയാണ് കാരുണ്യ പ്ലസ്.  80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്.  ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

click me!