Lottery Winner : തേടിയെത്തിയ ഭാ​ഗ്യദേവത; ആദ്യം വേണ്ടെന്ന് പറഞ്ഞു, മാറ്റിവെച്ച ടിക്കറ്റിന് ഒന്നാം സമ്മാനം

By Web TeamFirst Published Dec 10, 2021, 10:48 AM IST
Highlights

സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും ബുധനാഴ്ച ടിക്കറ്റെടുക്കാൻ എത്താതിരുന്ന പ്രമോദിനെ ലോട്ടറി ഏജന്റായ നാരായണി ഫോണിൽ വിളിക്കുകയായിരുന്നു. എന്നാൽ ടിക്കറ്റ് വേണ്ടെന്നാണ് പ്രമോദ് ആദ്യം പറഞ്ഞത്. 

നീലേശ്വരം: നിനച്ചിരിക്കാതെ ഭാ​ഗ്യം  തേടിയെത്തിയ സന്തോഷത്തിലാണ് നീലേശ്വരം സ്വദേശി പ്രമോദ്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടിയത് പ്രമോദാണ്. ലോട്ടറി ഏജന്റ് പ്രമോദിന് വേണ്ടി മാറ്റിവെച്ച ടിക്കറ്റായിരുന്നു ഇത്. സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും ബുധനാഴ്ച ടിക്കറ്റെടുക്കാൻ എത്താതിരുന്ന പ്രമോദിനെ ലോട്ടറി ഏജന്റായ നാരായണി ഫോണിൽ വിളിക്കുകയായിരുന്നു. എന്നാൽ ടിക്കറ്റ് വേണ്ടെന്നാണ് പ്രമോദ് ആദ്യം പറഞ്ഞത്. പിന്നീട് ടിക്കറ്റ് ബാക്കിയാണെന്ന് അറിയിച്ചതിനെ തുടർന്ന് മാറ്റിവെക്കാൻ പറഞ്ഞു. ജോലിസ്ഥലത്ത് നിൽക്കുമ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച കാര്യം പ്രമോദറിയുന്നത്. 10 വർഷമായി വാർപ്പ് മേസ്തിരിയായി ജോലി നോക്കുകയാണ് പ്രമോദ്. ഭാര്യ അനുരാധ. മകന്‍ വിദ്യാർത്ഥിയായ ദേവനന്ദ്.

നീലേശ്വരം കോൺവെന്റ് കവലയിൽ ലോട്ടറി വിൽപന നടത്തുന്ന പി നാരായണിയിൽ നിന്നാണ് പ്രമോദ് സ്ഥിരമായി ലോട്ടറിയെടുക്കുന്നത്. അതേസമയം ലോട്ടറിയെടുക്കണമെന്ന നിർബന്ധമൊന്നും തനിക്കില്ലെന്നും പ്രമോദ് കൂട്ടിച്ചേർക്കുന്നു. ലോട്ടറിയുമായി തന്റെ മുന്നിലെത്തുന്നവരെ നിരാശരാക്കാറുമില്ല. 2017 മുതൽ ലോട്ടറിക്കച്ചവടം നടത്തുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് തന്റെ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നതെന്ന സന്തോഷത്തിലാണ് ലോട്ടറി ഏജന്റ് നാരായണി. മാറ്റിവെച്ച ടിക്കറ്റിൽ ഭാ​ഗ്യമെത്തിയപ്പോൾ അത് കൃത്യമായി തന്നെ ഏൽപിച്ച നാരായണിയെ അഭിനന്ദിക്കുകയാണ് എല്ലാവരും. പി ബി 643922 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നീലേശ്വരം അർബൻ ബാങ്കിലാണ് ടിക്കറ്റ് ഏൽപിച്ചിരിക്കുന്നത്. 

എല്ലാ വ്യാഴാഴ്‌ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.


 

click me!