കൊവിഡിന് പിന്നാലെ ജോലി നഷ്ടമായി; കൈ പിടിച്ച് ഭാ​ഗ്യദേവത, ഒടുവിൽ സെക്യൂരിറ്റി ഗാര്‍ഡിന് 43 കോടി സ്വന്തം

By Web TeamFirst Published Aug 1, 2020, 5:44 PM IST
Highlights

മൂന്നുവയസ്സായ മകൾക്ക് ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു ലോട്ടറി ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ഇദ്ദേഹം ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്ത് സൗത്തിലെ കാനിങ് വാലി ന്യൂസ് ഏജന്‍സിയില്‍ നിന്ന് ലോട്ടറി വാങ്ങുകയായിരുന്നു. 

കാന്‍ബെറ: കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം ജീവിതം വഴിമുട്ടിയ സെക്യൂരിറ്റി ഗാര്‍ഡിന് ഭാ​ഗ്യദേവതയുടെ കടാക്ഷം. ഓസ് ലോട്ടോയുടെ 58 ലക്ഷം ഡോളര്‍(ഏകദേശം 43,46,07,920 ഇന്ത്യന്‍ രൂപ) ആണ് ഓസ്‌ട്രേലിയന്‍ പൗരന് സ്വന്തമായത്. ചൊവ്വാഴ്ച രാത്രി നടന്ന നറുക്കെടുപ്പിലെ രണ്ട് വിജയികളില്‍ ഒരാളായാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഒരാള്‍ ഇത്ര വലിയ തുകയുടെ സമ്മാനം നേടുന്നത്. മൂന്നുവയസ്സായ മകൾക്ക് ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു ലോട്ടറി ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ഇദ്ദേഹം ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്ത് സൗത്തിലെ കാനിങ് വാലി ന്യൂസ് ഏജന്‍സിയില്‍ നിന്ന് ലോട്ടറി വാങ്ങുകയായിരുന്നു. 

ജീവിതം ഒരു സ്വപ്നമാണെന്ന് താൻ പലപ്പോഴും പറയാറുണ്ടെങ്കിലും ഇപ്പോഴത് തികച്ചും സത്യമാണെന്ന് തോന്നുന്നതായും ഇദ്ദേഹം പറയുന്നു. വീട്ടിലെത്തി മക്കളെ ആശ്ലേഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നുമായിരുന്നു ലോട്ടറി ലഭിച്ച വിവരം അറിഞ്ഞ ഉനെയുള്ള ഇദ്ദേഹത്തിന്റെ പ്രതികരണം. 

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സഹോദരന് വീട് വാങ്ങി നല്‍കാനും കുടുംബത്തിന്റെയും മക്കളുടെയും ഭാവിക്കായും സമ്മാനത്തുക ഉപയോഗിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും ഇദ്ദേഹം വ്യക്തമാക്കി. ബ്രിസ്ബണില്‍ നിന്നുള്ള ആളാണ് നറുക്കെടുപ്പിലെ മറ്റൊരു വിജയി.

click me!