Latest Videos

ആകെ ഉണ്ടായിരുന്നത് 40രൂപ, ബക്കി കടം പറഞ്ഞ് ടിക്കറ്റെടുത്തു; ഒടുവിൽ നവാസിന് ഒരു കോടി ഭാ​ഗ്യം

By Nithya RobinsonFirst Published Sep 21, 2021, 2:22 PM IST
Highlights

നാല് വർഷത്തോളമായി വാടക വീട്ടിലാണ് നവാസും കുടുംബവും താമസിക്കുന്നത്. 

"നാളെയാണ് മകളുടെ കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടത്. കയ്യിൽ കാശില്ല. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ ആയിരുന്നു. അപ്പോഴാണ് ഭാ​ഗ്യം കൈവന്നത്", ഈ വാക്കുകൾ പറയുമ്പോൾ അലപ്പുഴ സ്വദേശിയായ നവാസിന്റെ ശബ്ദം സന്തോഷത്താൽ ഇടറുന്നുണ്ടായിരുന്നു. തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ രണ്ടാം സമ്മാനത്തിലൂടെ ഒരുകോടി രൂപ ലഭിച്ചതായിരുന്നു ആ സന്തോഷത്തിന് കാരണം. 

ആലപ്പുഴ മാമൂട് സ്വദേശിയാണ് നവാസ് അബ്ദുൾ റഹ്മാൻ എന്ന അമ്പതുകാരൻ. തെക്കനാര്യാടുള്ള ഗോൾഡൻ ഫുഡ് പ്രോഡക്ടിൽ ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന ജോലിയാണ് നവാസിന്. പതിവായി ലോട്ടറി എടുക്കാറുള്ള തന്റെ പക്കൽ, 300രൂപ എടുക്കാനില്ലാത്തതിനാൽ 40രൂപ കൊടുത്ത് ബാക്കി കടം പറഞ്ഞാണ് ഈ ടിക്കറ്റ് എടുത്തതെന്ന് നവാസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

"ദിവസവും ലോട്ടറി എടുക്കുന്ന ആളാണ് ഞാൻ. അതിന് വേണ്ടി മാത്രം നൂറോ നൂറ്റമ്പതോ കയ്യിൽ വയ്ക്കാറുണ്ട്. പക്ഷേ ഈ ടിക്കറ്റ് എടുത്തപ്പോൾ എന്റെ കയ്യിൽ ആകെ 40രൂപയെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് 40ന്റെ സാധാ ലോട്ടറി എടുക്കാമെന്നാണ് കരുതിയത്. സാരമില്ല പിറ്റേദിവസം കാശ് തന്നാൽ മതിയെന്ന് പറഞ്ഞാണ് കച്ചവടക്കാരൻ ഈ ടിക്കറ്റ് എനിക്ക് തന്നത്. പരിചയമുള്ള ആളുകൂടിയാണ് അദ്ദേഹം. പിറ്റേദിവസം തന്നെ ബാക്കി തുകയും അദ്ദേഹത്തിന് കൊടുത്തു," നവാസ് പറയുന്നു. 

ഞായറാഴ്ച രാവിലെയാണ് നവാസ് ടിക്കറ്റെടുത്തത്. വൈകുന്നേരം ആയപ്പോള്‍ ഭാഗ്യവും തുണച്ചു. "അയ്യായിരമാണ് ആദ്യം നോക്കിയത്. പിന്നെ താഴേക്കുനോക്കി ഒരു സമ്മാനവുമില്ലാതെവന്നപ്പോൾ നിരാശയോടെ ടിക്കറ്റു മാറ്റിവെച്ചു. എന്നാലും ഒന്നുകൂടി വെറുതെ മുകളിലേക്കു നോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്. സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി", നവാസ് പറയുന്നു. ടി.ഇ. 177852 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം. 

പേരക്കുട്ടിയെ നാളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനിരിക്കെയാണ് നവാസിനെ തേടി ഭാ​ഗ്യം എത്തുന്നത്."മകളുടെ കുട്ടിക്ക് വൃക്ക സംബന്ധമായ പ്രശ്നമുണ്ട്. മൂന്ന് വർഷത്തോളമായി അവൾ ചികിത്സയിലാണ്. പത്ത് വയസ്സാണ് പ്രായം. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കാണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിൽ പോയപ്പോൾ അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞു. പക്ഷേ കാശില്ലാത്തതിനാൽ കഴിഞ്ഞില്ല. ബുദ്ധിമുട്ട് പറഞ്ഞപ്പോൾ ബുധനാഴ്ച അഡ്മിറ്റാക്കാൻ അവർ നിർദ്ദേശിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോഴാണ് ഭാ​ഗ്യം കൈവന്നത്. എല്ലാം ദൈവാനുഗ്രഹം", നവാസ് പറഞ്ഞു. 

നാല് വർഷത്തോളമായി വാടക വീട്ടിലാണ് നവാസും കുടുംബവും താമസിക്കുന്നത്. സ്വന്തമായി ഒരു വീട് വയ്ക്കണമെന്നും പാവപ്പെട്ട രോ​ഗികൾക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യണമെന്നുമാണ് നവാസിന്റെ ആ​ഗ്രഹം. ചാന്ദിനിയാണു നവാസിന്റെ ഭാര്യ. നൗഫലും ഷാനിമോളുമാണു മക്കൾ. സബി, നജീബ് എന്നിവരാണ് മരുമക്കൾ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!