ഭാഗ്യദേവത കടാക്ഷിച്ചു; മൂർത്തിക്ക് വിഷു കൈനീട്ടമായി ലഭിച്ചത് 70 ലക്ഷം രൂപ

By Web TeamFirst Published Apr 18, 2021, 3:04 PM IST
Highlights

നിർബന്ധത്തെ തുടർന്നും ഭിന്നശേഷിക്കാരനായ ലോട്ടറിക്കാരന്റെ അവസ്ഥയും കൂടി ഓർത്താണ് 40 രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങിയത്. 

അങ്ങാടിപ്പുറം: വിഷുദിവസം ഭാഗ്യദേവതയിൽ നിന്ന് 70 ലക്ഷം രൂപ കൈനീട്ടമായി കിട്ടിയ സന്തോഷത്തിലാണ് 43കാരനായ മൂർത്തിയും കുടുംബവും. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് മൂർത്തിയെടുത്ത ടിക്കറ്റിന് ലഭിച്ചത്.

കൈയിൽ പണമില്ലാത്തതിനാലാണ് വിഷുവിനും അവധിയെടുക്കാതെ രാവിലെ മൂർത്തി പണിക്കിറങ്ങിയത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട കൂലിപ്പണിയാണ് മൂർത്തിക്ക്. സ്ഥിരമായി ഭാഗ്യക്കുറി ടിക്കറ്റ് എടുക്കാറില്ല. മുൻപരിചയമുള്ള ലോട്ടറി വിൽപ്പനക്കാരൻ ജോലിചെയ്യുന്ന സ്ഥലത്തെത്തി ടിക്കറ്റ് നീട്ടിയെങ്കിലും ആകെ കൈയിലുള്ള അൻപതു രൂപയ്ക്ക് ടിക്കറ്റ് എടുക്കുന്നില്ലെന്നു പറഞ്ഞ് ആദ്യം വാങ്ങിയില്ല. നിർബന്ധത്തെ തുടർന്നും ഭിന്നശേഷിക്കാരനായ ലോട്ടറിക്കാരന്റെ അവസ്ഥയും കൂടി ഓർത്താണ് 40 രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങിയത്. ഇതിലൂടെ ഭാ​ഗ്യം മൂർത്തിയെ തേടി എത്തുകയും ചെയ്തു.

29 വർഷം മുൻപാണ് തമിഴ്‌നാട് പഴനി സ്വദേശിയായ മൂർത്തി അങ്ങാടിപ്പുറത്തെത്തിയത്. ഇപ്പോൾ പഞ്ചായത്ത് ഓഫീസിനടുത്തുള്ള വാടക ക്വാർട്ടേഴ്‌സിലാണ് താമസം. അങ്ങാടിപ്പുറം സ്വദേശിയായ സീമയാണ് ഭാര്യ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന പൂജാലക്ഷ്മി, രണ്ടാം ക്ലാസിൽ പഠിക്കുന്ന സിദ്ധാർഥ് എന്നിവരാണ് മക്കൾ. വിഷുദിവസം തന്നെ ഭാഗ്യക്കുറി കിട്ടിയത് ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്ന് മൂർത്തിയും ഭാര്യയും പറഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് പെരിന്തൽമണ്ണ സഹകരണ അർബൻ ബാങ്കിന്റെ ശാഖയിൽ ഏൽപ്പിച്ചു. ഉടൻ നല്ലൊരു വീട് വെച്ച് അതിലേക്ക് താമസം മാറാനാണ് ആഗ്രഹമെന്ന് ഇവർ പറയുന്നു.

click me!