35 വര്‍ഷങ്ങളായി തെരുവില്‍ അലയുന്നവരെയും, അനാഥമൃതദേഹങ്ങളേയും ഏറ്റെടുത്ത് ഈ ദമ്പതികള്‍

Published : Jan 28, 2019, 01:11 PM ISTUpdated : Jan 28, 2019, 01:14 PM IST
35 വര്‍ഷങ്ങളായി തെരുവില്‍ അലയുന്നവരെയും, അനാഥമൃതദേഹങ്ങളേയും ഏറ്റെടുത്ത് ഈ ദമ്പതികള്‍

Synopsis

''അങ്ങനെ തിരിച്ചറിയപ്പെടാതെ കിടക്കുന്ന ഒരു മൃതദേഹം കണ്ടാല്‍ ഞാനെന്‍റെ ട്രക്ക് നിര്‍ത്തും ആ ശരീരം വണ്ടിയിലെടുത്തു വയ്ക്കും. ശരിയായ രീതിയില്‍ അവ സംസ്കരിക്കും. അതുപോലെ തന്നെ കുറച്ച് ഭക്ഷണവും വെള്ളവും ഞാനെന്‍റ വണ്ടിയിലെടുത്തുവെച്ച് തുടങ്ങി. വഴിയരികില്‍ കാണുന്നവര്‍ക്ക് നല്‍കാന്‍.'' ഗോസ്വാമി പറയുന്നു. 

വിശപ്പും ദാരിദ്ര്യവുമാണ് ഒരു മനുഷ്യനെ കൊണ്ട് പുതിയ പല തീരുമാനങ്ങളും എടുപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, 18 വയസുകാരന്‍ ദേവ് ദാസ് ഗോസ്വാമിയെ കൊണ്ടും ഇത്തരം തീരുമാനങ്ങളെടുപ്പിച്ചത് തന്‍റെ ജീവിതത്തിലും ചുറ്റുമുള്ളവരുടെ ജീവിതത്തിലും കാണേണ്ടി വന്ന പട്ടിണിയും ദാരിദ്ര്യവുമാണ്. ഒരുനാള്‍ തനിക്ക് കഴിയും പോലെ മറ്റുള്ളവരുടെ വിശപ്പകറ്റുമെന്ന് അദ്ദേഹം അന്ന് തീരുമാനിച്ചു. 

ഹരിയാനയിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ഗോസ്വാമി ജനിച്ചത്. പഠിക്കാനോ, ജോലി നേടാനോ കഴിയാത്ത അവസ്ഥ. 1978 -ലെ ഒരു ദിവസം അദ്ദേഹം വീടുവിട്ടു. പട്ടിണിയും ദാരിദ്ര്യവും അദ്ദേഹത്തെ വലച്ചിരുന്നു. അങ്ങനെ അദ്ദേഹം റെയില്‍വേ സ്റ്റേഷനിലെത്തി. അടുത്തുള്ള കടയില്‍ നിന്നും ഒരു പൂരി വാങ്ങിത്തരുമോ എന്ന് ഒരാളോട് യാചിച്ചു. അയാള്‍ അവന് ഒരു പൂരി വാങ്ങി നല്‍കി. പക്ഷെ, വിശപ്പ് താങ്ങാനാവാത്തതിനാല്‍ ഒരു പൂരി കൂടി വാങ്ങിത്തരുമോ എന്ന് ചോദിച്ച ഗോസ്വാമിയോട് അയാള്‍ ദേഷ്യപ്പെടുകയും, അവനെ ഉപദ്രവിക്കുകയും ചെയ്തു. ആ സംഭവം ഗോസ്വാമിയുടെ മനസില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. അതോടെയാണ് അദ്ദേഹം ആ പ്രതിജ്ഞ എടുത്തത്. 

പിന്നീട്, ഗോസ്വാമി ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു തുടങ്ങി. ഡ്രൈവറെന്ന നിലയില്‍ യാത്ര ചെയ്യുമ്പോഴൊക്കെ വീടില്ലാത്ത നിരവധി പേരെയാണ് തെരുവില്‍ അദ്ദേഹം കണ്ടത്. ഇത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതിനേക്കാള്‍ അദ്ദേഹത്തെ വേദനിപ്പിച്ചത് വണ്ടി കയറി മരിച്ച മനുഷ്യരുടെ ആരോരും ഏറ്റെടുക്കാനില്ലാത്ത മൃതദേഹങ്ങളായിരുന്നു. ഹൈവേകളില്‍ അവ അനാഥശവങ്ങളായി കിടന്നു. പേരോ നാടോ അറിയാത്ത ആ മനുഷ്യരെ ഏറ്റെടുക്കാന്‍ അന്ന് ഗോസ്വാമി തീരുമാനിച്ചു. 

''അങ്ങനെ തിരിച്ചറിയപ്പെടാതെ കിടക്കുന്ന ഒരു മൃതദേഹം കണ്ടാല്‍ ഞാനെന്‍റെ ട്രക്ക് നിര്‍ത്തും ആ ശരീരം വണ്ടിയിലെടുത്തു വയ്ക്കും. ശരിയായ രീതിയില്‍ അവ സംസ്കരിക്കും. അതുപോലെ തന്നെ കുറച്ച് ഭക്ഷണവും വെള്ളവും ഞാനെന്‍റ വണ്ടിയിലെടുത്തുവെച്ച് തുടങ്ങി. വഴിയരികില്‍ കാണുന്നവര്‍ക്ക് നല്‍കാന്‍.'' ഗോസ്വാമി പറയുന്നു. 

വീടില്ലാത്ത ഈ മനുഷ്യര്‍ക്ക് ഭക്ഷണം മാത്രം കൊടുത്താല്‍ പോരാ എന്ന ചിന്തയാണ് കൂടുതല്‍ ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അദ്ദേഹം അവരെ മാറ്റിയെടുത്തു. മുടി മുറിച്ചു കൊടുത്തു. കുളിപ്പിച്ചു. ആ രൂപമാറ്റത്തിനു ശേഷം അവരുടെ മുഖത്ത് തെളിയുന്ന പുഞ്ചിരി മതി എല്ലാക്കാലത്തും എന്‍റെ ജീവിതം ധന്യമാകാന്‍ എന്നാണ് ഗോസ്വാമി പറയുന്നത്. 

1984 -ല്‍ അദ്ദേഹം താരയെ വിവാഹം കഴിച്ചു. ഗോസ്വാമിയുടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം കണ്ട താര, തന്‍റെ ഇനിയുള്ള ജീവിതവും ഇങ്ങനെ ആയിരിക്കും എന്ന് തീരുമാനിക്കുകയായിരുന്നു. 

കഴിഞ്ഞ 35 വര്‍ഷങ്ങളായി ഈ ദമ്പതികള്‍ നൂറുകണക്കിന് ആരോരുമില്ലാത്തവര്‍ക്ക് താങ്ങാവുകയാണ്. തന്‍റെ ഭാര്യയെ കുറിച്ചോര്‍ത്ത് ഗോസ്വാമിക്ക് വല്ലാത്ത അഭിമാനമാണ്. അദ്ദേഹം പറയുന്നത് ആരോരുമല്ലാത്ത ഒരാളുടെ മൃതദേഹം ചുമലില്‍ വെച്ച് സംസ്കാരിക്കാന്‍ കൊണ്ട് പോകുന്ന ഒരേയൊരു സ്ത്രീ അവളായിരിക്കും എന്നാണ്. വിശ്വാസത്തിനും അപ്പുറം ലിംഗഭേദമില്ലാതെ ഇങ്ങനെ ചെയ്യുന്ന ഒരാളും താര മാത്രമായിരിക്കും എന്നും അദ്ദേഹം പറയുന്നു. 

ഈ ദമ്പതികള്‍ ഇവയെല്ലാം ചെയ്യുന്നത് സ്വന്തം പണം ഉപഗോയിച്ചും നല്ലവരായ മനുഷ്യര്‍ സഹായിച്ചിട്ടുമാണ്. 1992 -ല്‍ ഇവര്‍ ഒരു അഭയകേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചു. 2008 -ല്‍ അത് ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായി മാറി. DAVO എന്ന് അതിന് പേരും നല്‍കി. 

ഇന്ന്, വീടില്ലാത്തവര്‍ക്കായി രണ്ട് വീടുകള്‍ അവര്‍ തുറന്ന് കൊടുത്തിരിക്കുന്നു. ഒന്ന്, ദ്വാരകയില്‍ അവിടെ ആരുമില്ലാത്ത 60 പേര്‍ കഴിയുന്നു. മറ്റൊന്ന് സോണിപതില്‍ അവിടെ 70 പേരാണുള്ളത്. 

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട് വിറ്റ് പത്ത് ലക്ഷം രൂപയുടെ ഒരു സ്ഥലം വാങ്ങാന്‍ തീരുമാനിച്ചിരുന്നു ഗോസ്വാമി. അവിടെ അഭയകേന്ദ്രം തുടങ്ങാനായിരുന്നു ഇത്. ഈ വാര്‍ത്ത കേട്ട ഒരാള്‍ 25 ലക്ഷം രൂപ ആ അഭയകേന്ദ്രം പണിയാന്‍ സംഭാവന നല്‍കി എന്ന് ഗോസ്വാമി പറയുന്നു. ഇങ്ങനെ നിരവധി പേരുടെ നല്ല മനസ് കൂടിയുണ്ട് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. ഇപ്പോള്‍ ദമ്പതികളെ കൂടാതെ രണ്ട് പാചകക്കാരും ഒരു ബാര്‍ബറും കൂടിയുണ്ട് സംഘത്തില്‍. 

പലപ്പോഴും ഇവിടെയെത്തിച്ചേരുന്നവര്‍ എങ്ങനെ ജീവിക്കണമെന്ന് വരെ മറന്നുപോകുന്നവരായിരിക്കും. അവര്‍ക്കായി വ്യായാമങ്ങളും വിവിധ കായികപരിശീലനങ്ങളും നല്‍കുന്നു. ഫുട്ബോള്‍, കബഡി തുടങ്ങിയ കളികള്‍ എല്ലാവരേയും പരസ്പരം അടുപ്പിക്കുന്നു, പരിചയപ്പെടുത്തുന്നു, കൂട്ടായ്മയുണ്ടാക്കുന്നു. ഗോസ്വാമിക്ക് പുറമേ ഒരു കോച്ച് കൂടി ഇവരെ പരിശീലിപ്പിക്കാനെത്തുന്നു. 

ചിലരൊക്കെ അസുഖബാധിതരാണ്. അവരെ ചികിത്സിക്കാനായി ദിവസേന ഒരു ഡോക്ടറെ വരുത്തുക എന്നത് ചിലവേറിയതാണ്. അതിനുള്ള സഹായം കൂടി ആരെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഗോസ്വാമിയും താരയും. അതിനായി അവര്‍ ഫണ്ട് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. 

ഏതായാലും ഇനിയുള്ള കാലവും ആരോരുമില്ലാത്ത മനുഷ്യര്‍ക്ക് തുണയായി ഇവരുണ്ടാകും. 
 

PREV
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ