
അമേരിക്കൻ പ്രഥമവനിത മിഷേൽ ഒബാമയടക്കം ഏറെ പ്രമുഖർ അതിഥികളായി എത്തിയിട്ടുള്ള എലൻ ഡിജെനറസിന്റെ പ്രശസ്തമായ ടോക്‍ഷോയിൽ ഇന്നലെ പ്രേക്ഷകർ കണ്ടത് പുട്ടുകുറ്റിയുമായെത്തിയ ഒരു കൊച്ച് മിടുക്കന്‍.
ഓസ്കർ അവാർഡിനടക്കം അവതാരകയായിട്ടുള്ള , ടെലിവിഷൻ ഷോയിൽ നേരംപോക്കുപറഞ്ഞ് അതിഥികളെ പൊട്ടിച്ചിരിപ്പിക്കാറുള്ള, എലനെ വെള്ളം കുടിപ്പിച്ചുകളഞ്ഞു കൊച്ചിക്കാരൻ നിഹാൽ രാജെന്ന കിച്ച. കിച്ചയുടെ പുട്ടുണ്ടാക്കൽ കഥ കേട്ട് കണ്ണുതള്ളിനിന്ന എലനെ, പുട്ടെന്നും പുട്ടുകുറ്റിയെന്നും പറയാൻ പഠിപ്പിച്ചാണ് കിച്ച പുട്ടുണ്ടാക്കി തീർത്തത്.
നാലാംവയസിൽ തുടങ്ങി കിച്ചയുടെ അടുക്കളക്കാലം. അമ്മ റൂബിയുണ്ടാക്കുന്ന വിഭവങ്ങൾക്ക് സഹായിയായി തുടങ്ങിയ കിച്ച സ്വന്തം പരീക്ഷണങ്ങൾക്ക് അടുക്കള സ്വന്തമാക്കാൻ ഏറെനാൾ വേണ്ടിവന്നില്ല. കഴിഞ്ഞ വർഷം ജനുവരിയിൽ കിച്ചാട്യൂബെന്ന സ്വന്തം യൂട്യൂബ് ചാനലുണ്ടാക്കി പാചകവിശേഷങ്ങൾ പങ്കിടുന്നതിലെത്തി കിച്ചയുടെ പാചകക്കൊതി.
കഴിഞ്ഞ നവംബറിൽ അപ്‌ലോഡ് ചെയ്ത മിക്കി മൗസ് മാംഗോ ഐസ്ക്രീം എന്ന വിഡിയോ ഫെയ്സ്ബുക്ക് സ്വന്തമാക്കിയതോടെ കിച്ചക്ക് ലോകം മുഴുവൻ പേരായി. കിച്ചാട്യൂബിനെക്കുറിച്ചറിഞ്ഞ എലൻ കിച്ചയെ അമേരിക്കയിലേക്ക് ക്ഷണിക്കുകയായിരുന്നു..കേരളത്തിന്റെ സ്വന്തം പുട്ടുകുറ്റിയെ കടൽകടത്തിയ കിച്ച , എലനെക്കൊണ്ട് പുട്ട് ഗംഭീരമെന്ന് പറയിച്ചാണ് മടങ്ങിയത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം