സിംഗപ്പൂരിൽ സെയിൽസ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥിക്ക് ഇന്റർവ്യൂവിൽ കമ്പനി സിഇഒയിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത അധിക്ഷേപം. 'നീ രക്ഷപ്പെടില്ല, ജീവിതകാലം മുഴുവൻ ദരിദ്രനായിരിക്കും' എന്നാണത്രെ സിഇഒ അവസാനം പറഞ്ഞത്. 

സിംഗപ്പൂരിൽ സെയിൽസ് തസ്തികയിലേക്ക് അപേക്ഷിച്ച യുവാവിന് ഒരു കമ്പനിയുടെ സിഇഒയിൽ നിന്നും നേരിടേണ്ടി വന്നത് അത്യന്തം മോശമായ പെരുമാറ്റം. 'ദി ഇൻഡിപെൻഡന്റ് സിംഗപ്പൂർ' ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റർവ്യൂവിന്റെ അവസാന ഘട്ടത്തിലാണത്രെ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സെയിൽസ് തസ്തികയിലേക്കുള്ള ആദ്യത്തെ രണ്ട് ഘട്ട ഇന്റർവ്യൂകളും വളരെ പോസിറ്റീവ് ആയാണ് നടന്നത്. ഉദ്യോഗാർത്ഥിയുടെ റെസ്യൂമെയെ ഹയറിംഗ് മാനേജർ പ്രശംസിക്കുകയും അദ്ദേഹം ആ ജോലിക്ക് അനുയോജ്യനാണെന്ന് പറയുകയും ചെയ്തിരുന്നു.

എന്നാൽ, അവസാന ഘട്ടത്തിൽ സിഇഒയുമായി ഫോൺ വഴിയായിരുന്നു ഇന്റർവ്യൂ. 'ആറുമാസത്തിനുള്ളിൽ എത്ര സെയിൽസ് നേടിത്തരാൻ കഴിയും' എന്ന സിഇഒയുടെ ചോദ്യമാണ് തർക്കത്തിലേക്ക് നയിച്ചത്. കൃത്യമായ മറുപടി നൽകുന്നതിന് മുൻപ് ഉൽപ്പന്നം വിൽപ്പന പൂർത്തിയാക്കാൻ എടുക്കുന്ന സമയത്തെ കുറിച്ച് യുവാവ് തിരിച്ചു ചോദിച്ചു. ഈ ചോദ്യം സിഇഒയെ ദേഷ്യം കൊള്ളിക്കുകയായിരുന്നത്രെ. ഉദ്യോഗാർത്ഥി ഒഴികഴിവുകൾ പറയുകയാണെന്ന് ആരോപിച്ച സിഇഒ, മോശമായ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. അമിതമായ വാഗ്ദാനങ്ങൾ നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് യുവാവ് വ്യക്തമാക്കിയതോടെ, '​ഗെറ്റ് ലോസ്റ്റ്' എന്ന് സിഇഒ ആക്രോശിച്ചു. നിന്നെപ്പോലെയുള്ളവർ ഒരിക്കലും വിജയിക്കില്ലെന്നും ജീവിതകാലം മുഴുവൻ ദരിദ്രനായി തുടരുമെന്നും സിഇഒ പരിഹസിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

സിഇഒയുടെ പെരുമാറ്റം അതിരുവിട്ടതോടെ ഉദ്യോഗാർത്ഥി തന്നെ ഫോൺ കോൾ അവസാനിപ്പിക്കാൻ തീരുമാനിച്ചു. 'നിങ്ങളെപ്പോലെ ഇത്രയും മോശമായി പെരുമാറുന്ന ഒരാളുടെ കീഴിൽ ജോലി ചെയ്യാൻ എനിക്ക് താല്പര്യമില്ല' എന്ന് മറുപടി നൽകിയ ശേഷമാണ് യുവാവ് കോൾ കട്ട് ചെയ്തത്. തൊഴിൽ മേഖലയിലെ ഇത്തരം മോശം പ്രവണതകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവച്ചിരിക്കുന്നത്.