വിമാനം പറത്തി വൈറലായി ഏഴുവയസുകാരന്‍!

By Web TeamFirst Published Dec 28, 2020, 11:58 AM IST
Highlights

വിമാനം കണ്ടതിന് ശേഷം അവന് നൂറുസംശയങ്ങളായിരുന്നു. എങ്ങനെയാണ് വിമാനം പറക്കുന്നത്? അതെങ്ങനെയാണ് പ്രവർത്തിക്കുന്നത്? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ അവൻ ചോദിച്ചു കൊണ്ടിരുന്നു.

വിമാനം പറത്തുകയെന്നത് എത്ര വൈദഗ്ധ്യം വേണ്ട കാര്യമാണ് എന്നത് നമുക്കറിയാം. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഉഗാണ്ടയിൽ ഏഴ് വയസ്സുകാരൻ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചിരിക്കയാണ്. മൂന്ന് തവണയാണ് ഗ്രഹാം ഷെമ സെസ്ന 172 വിമാനം പറത്തിയത്. തന്റെ വ്യോമയാന വൈദഗ്ദ്ധ്യം കൊണ്ട് രാജ്യത്ത് താരമായി മാറിയിരിക്കയാണ് അവൻ ഇപ്പോൾ. എല്ലാവരും അവനെ സ്നേഹത്തോടെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നു.  

ജർമ്മൻ അംബാസഡറും രാജ്യത്തെ ഗതാഗതമന്ത്രിയും അവനെ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കയാണ്. കണക്കും ശാസ്ത്രവും ഇഷ്ടപ്പെടുന്ന അവൻ സെസ്ന 172 -ൽ മൂന്ന് തവണ ട്രെയിനിയായി പറന്നു. വലുതാകുമ്പോൾ ഒരു പൈലറ്റും, ബഹിരാകാശയാത്രികനുമാകാനാണ് അവന്റെ ആഗ്രഹം. ഒരു ദിവസം താൻ ചൊവ്വയിൽ പോകുമെന്നും അവൻ പറഞ്ഞു. "എന്റെ റോൾ മോഡൽ എലോൺ മസ്‌ക് ആണ്" പൈലറ്റിന്റെ വസ്ത്രത്തിൽ ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. "എനിക്ക് എലോൺ മസ്‌ക്കിനെ ഇഷ്ടമാണ്. ബഹിരാകാശത്തിൽ അദ്ദേഹത്തോടൊപ്പം പോകാൻ ഞാൻ ആഗ്രഹിക്കുന്നു" അവൻ കൂട്ടിച്ചേർത്തു. സ്‌പേസ് എക്‌സ് എന്ന സ്വകാര്യ റോക്കറ്റ് കമ്പനിയുടെ സ്ഥാപകനാണ് എലോൺ മസ്‌ക്. അടുത്തിടെ രണ്ട് അമേരിക്കക്കാരെ ഭ്രമണപഥത്തിലെത്തിക്കാൻ ഈ കമ്പനിയ്ക്ക് കഴിഞ്ഞു. മനുഷ്യനെ ചൊവ്വയിൽ എത്തിക്കുകയെന്നതാണ് കമ്പനിയുടെ ഏറ്റവും വലിയ സ്വപ്നം.  

മൂന്നാമത്തെ വയസ്സിലാണ് വിമാനങ്ങളോടുള്ള അവന്റെ താല്പര്യം ജനിക്കുന്നത്. ഒരു ദിവസം വളരെ താഴ്ന്ന് പറന്ന ഒരു പൊലീസ് ഹെലികോപ്റ്റർ അവന്റെ മുത്തശ്ശിയുടെ വീടിന്റെ മേൽക്കൂര തകർക്കുകയുണ്ടായി. ഉഗാണ്ടൻ തലസ്ഥാനമായ കമ്പാലയുടെ പ്രാന്തപ്രദേശത്താണ് സംഭവം നടന്നത്. പുറത്ത് കളിക്കുകയായിരുന്ന അവനെ അത് വല്ലാതെ സ്പർശിച്ചു. ഇതിനെ തുടർന്നാണ് എബ്രഹാമിന് പറക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നതെന്നാണ് ട്രാവൽ ഏജന്റായ അവന്റെ അമ്മ ഷമീം മ്വാനൈഷ പറയുന്നത്.   

വിമാനം കണ്ടതിന് ശേഷം അവന് നൂറുസംശയങ്ങളായിരുന്നു. എങ്ങനെയാണ് വിമാനം പറക്കുന്നത്? അതെങ്ങനെയാണ് പ്രവർത്തിക്കുന്നത്? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ അവൻ ചോദിച്ചു കൊണ്ടിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം, അവന്റെ മാതാപിതാക്കൾ ഒരു പ്രാദേശിക ഏവിയേഷൻ അക്കാദമിയിൽ അവനെ ചേർത്തു. തുടർന്ന് വിമാന ഭാഗങ്ങൾ, വ്യോമയാന പദാവലികൾ എന്നിവയെക്കുറിച്ചുള്ള ഓൺലൈൻ ക്ലാസുകളിൽ അവൻ പങ്കെടുത്തു. അഞ്ച് മാസത്തെ കോഴ്സിന് ശേഷം, അവൻ പ്രായോഗിക പാഠങ്ങൾക്കായി വിമാനം പറത്താൻ തുടങ്ങി.  

"വിമാനം ഓടിച്ചപ്പോൾ ഒരു പക്ഷിയെ പോലെ ആകാശത്തു പറക്കുന്ന പോലെയാ തോന്നിയത്" ഗ്രഹാം തന്റെ ആദ്യ വിമാന യാത്രയെക്കുറിച്ച് പറഞ്ഞു. അതിന് മുൻപ് അവൻ ഒരു വിമാനത്തിൽ കയറിയിട്ട് പോലുമില്ലായിരുന്നു. എന്നിട്ടും അതിന്റെ ഭയമൊന്നും അവനില്ലായിരുന്നു. മഹാമാരിയ്ക്ക് മുൻപ് ജനുവരി മുതൽ മാർച്ച് വരെ അവൻ മൂന്ന് തവണ കോ-പൈലറ്റായി. എന്നാൽ, ഇപ്പോൾ മഹാമാരി മൂലം അവന്റെ യാത്ര മുടങ്ങി. എന്നിരുന്നാലും വ്യോമയാനത്തെ കുറിച്ച് പഠിച്ചും തന്റെ വെർച്വൽ റിയാലിറ്റി വ്യൂവറിൽ വ്യോമയാനത്തെയും ബഹിരാകാശ പര്യവേഷണത്തെയും കുറിച്ചുള്ള വീഡിയോകൾ കണ്ടും അവൻ സമയം ചെലവിടുന്നു.    

click me!